അക്ഷരനക്ഷത്രത്തിന്റെ മൊഞ്ചുമായി മലപ്പുറം!
കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ആറാമത് തുടർവിദ്യാഭ്യാസകലോത്സവത്തിന് എറണാകുളത്ത് തിരശ്ശീല വീണപ്പോൾ 123 പോയിന്റോടെ മലപ്പുറം ജില്ലക്ക് രണ്ടാം സ്ഥാനം ലഭിച്ചു. പ്രേരക്മാരുടെയും ഗുണഭോകതാക്കളുടെയും പത്താംതരം തുല്യതാ പഠിതാക്കളുടെയും വിവിധ മത്സരഇനങ്ങളിലായി ജില്ലയിൽ നിന്നും 120-ഓളം പേരാണ് മാറ്റുരച്ചത്.
ജീവിതത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങൾക്കിടയിലും സാക്ഷരതാ മിഷൻ പകർന്ന തിരിവെട്ടം പുത്തൻ ആവേശമായി മത്സരാർഥികൾ ഏറ്റെടുക്കുകയായിരുന്നു.പ്രായത്തിന്റെയും പ്രാരാബ്ധത്തിന്റെയും അനാരോഗ്യത്തിന്റെയും അവസ്ഥകളെ വകവക്കാതെ സംഗീതത്തിലും, അഭിനയത്തിലും നൃത്തച്ചുവടിലുമെല്ലാം പുതിയൊരു മാനം തീർക്കുകയായിരുന്നു മലപ്പുറത്തുകാർ.
കലോത്സവ മത്സരങ്ങളുടെ അവസ്സന ഇനമായ വേദി രണ്ടിലെ പ്രേരക്മാരുടെ നാടൻപാട്ട് ഗ്രൂപ്പ് മത്സരത്തിൽ മലപ്പുറത്തിന് വേണ്ടി മത്സരിച്ച പുഷ്പയും സംഘവും സദസ്സാകെ ഇളക്കിമറിച്ച പ്രകടനം കാഴ്ചവച്ചത് തുടർവിദ്യാഭ്യാസ കലോത്സവത്തിന്റെ യശ്ശസ് വാനോളം ഉയർത്തുന്നതായിരുന്നു.
കലോത്സവത്തിന്റെ മുന്നോടിയായി നടന്ന ഘോഷയാത്രയിൽ ഏറ്റവും കൂടുതൽ പേർ അണിനിരന്നത് മലപ്പുറത്തു നിന്നാണ്.
ഭർത്താവിന്റെയും മകളുടെയും ശിക്ഷണത്തിൽ കലോത്സവ വേദിയിൽ തുടർച്ചയായി അഞ്ചാം വർഷവും ‘വസന്തരാഗം’
ഭർത്താവിന്റെയും മകളുടെയും ശിക്ഷണത്തിൽ തുടർച്ചയായി അഞ്ചാം വർഷവും മലപ്പുറം മണ്ണഴി തുടർവിദ്യാഭ്യാസ കേന്ദ്രത്തിലെ പ്രേരക് എൻ വസന്തക്ക് സംസ്ഥാന സാക്ഷരതാ മിഷന്റെ തുടർവിദ്യാഭ്യാസ വേദിയിൽ വിജയങ്ങളുടെ തുടർക്കഥ. ഈ വർഷത്തെ കലോത്സവത്തിൽ പ്രേരക്മാരുടെ വിഭാഗത്തിൽ വ്യക്തിഗത ഇനങ്ങളായ മോണോ ആക്ടിൽ ഒന്നാം സ്ഥാനവും, കഥാപ്രസംഗം, മിമിക്രി എന്നിവയിൽ രണ്ടാം സ്ഥാനവും ഗ്രൂപ്പ് ഇനങ്ങളായ നാടൻപാട്ട്, സാക്ഷരതാ ഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും നേടിയാണ് തിളങ്ങിയത്. ഭർത്താവായ അനിരുദ്ധന്റെയും മക്കളായ അക്ഷയ, അപർണ്ണ എന്നിവരുടെ ശിക്ഷണത്തിലാണ് ഈ വിജയങ്ങൾ കൈവരിക്കാനായതെന്ന് വസന്ത പറയുന്നു.
തൊഴിലുറപ്പ് ജോലിക്കിടയിലും ‘തങ്ക’ലിപികൾക്ക് ഈണം പകർന്നു
സാക്ഷരതാ മിഷൻ സംസ്ഥാന കലോത്സവത്തിൽ ഗുണഭോക്താക്കളുടെ വിഭാഗത്തിൽ ലളിതഗാനം ഒന്നാം സ്ഥാനം നേടിയ കൊണ്ടോട്ടി ബ്ലോക്കിലെ 54 വയസ്സുള്ള എ തങ്കം കലോത്സവ വേദിയിൽ ആവേശമായി.
തൊഴിലുറപ്പ് ജോലിക്കിടയിലും ഏഴാംതരം തുല്യതാ ക്ലാസിന് സമയം കണ്ടെത്തിയ തങ്കത്തിന് ലഭിച്ച ഈ വിജയം മറക്കാനാവാത്ത അനുഭവമാണെന്ന് അവർ പറഞ്ഞു. നാടൻപാട്ട് സിംഗിൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും തങ്കം നേടി.
ഗുണഭോക്താക്കളുടെ മത്സരത്തിലെ വിജയികൾ
ഒന്നാം സ്ഥാനം
ലളിതഗാനം- തങ്കം എ കുണ്ടോട്ടി
രണ്ടാം സ്ഥാനം
നാടൻപാട്ട് – തങ്കം എ കുണ്ടോട്ടി
നാടോടി നൃത്തം-ബേബി കെ തിരൂർ
മൂന്നാം സ്ഥാനം
ഒപ്പന-സുഹറ പി & പാർട്ടി താനൂർ
ഫാൻസി ഡ്രസ്-ഷീബ സികെ വേങ്ങര
മാപ്പിളപാട്ടിൽ മലപ്പുറത്തിന്റെ ആധിപത്യം നിലനിർത്തി
ഏതൊരു കലോത്സവവേദികളിലും മാപ്പിളപാട്ടിലെ ആധിപത്യം നിലനിർത്തുന്ന മലപ്പുറം സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിലും അതാവർത്തിച്ചു. പത്താംതരം പഠിതാക്കളുടെ വിഭാഗത്തിൽ നൌഫൽ കെ പി യാണ് ഈ ഇനത്തിൽ ഒന്നാം സ്ഥാനം നേടി. തിരൂരങ്ങാടി ബ്ലോക്കിലെ സുലൈഖ & പാർട്ടി അവതരിപ്പിച്ച ഒപ്പനയും മികച്ച നിലവാരം പുലർത്തി.
പത്താം തരം പഠിതാക്കൾ വിജയികൾ
ഒന്നാം സ്ഥാനം
മാപ്പിളപാട്ട് – നൌഫൽ കെപി
മോണോ ആക്ട് – സുബൈർ എം
കവിതാ രചന – സക്കീനത്ത് കെ സി
രണ്ടാം സ്ഥാനം
ഒപ്പന – സുലൈഖ പി & പാർട്ടി തിരൂരങ്ങാടീ
മൂന്നാം സ്ഥാനം
അബ്ദുൾ മജീദ് ഒട്ടി, മലപ്പുറം
നാടൻപാട്ട് – കണ്ണൻകുട്ടി & പാർട്ടി, വണ്ടൂർ
മിമിക്രി – അജിത്ത് എ, പൊന്നാനി
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here