HomeNewsCrimeഅബ്ദുല്‍ നൂറിന് തോക്ക്‌ നല്‍കിയ എടപ്പാള്‍ സ്വദേശി അറസ്റ്റില്‍

അബ്ദുല്‍ നൂറിന് തോക്ക്‌ നല്‍കിയ എടപ്പാള്‍ സ്വദേശി അറസ്റ്റില്‍

fraud

അബ്ദുല്‍ നൂറിന് തോക്ക്‌ നല്‍കിയ എടപ്പാള്‍ സ്വദേശി അറസ്റ്റില്‍

കോടികളുടെ നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍ നൂറി (38)നെ അന്വേഷണസംഘം തെളിവെടുപ്പിനായി കുറ്റിപ്പുറത്തെത്തിച്ചു. അബ്ദുല്‍നൂറിന് തോക്കും തിരകളും നല്‍കിയ സംഭവത്തില്‍ എടപ്പാള്‍ സ്വദേശിയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. വട്ടംകുളം മൂതൂര്‍ പുലാപറമ്പില്‍ ഹംസ മുസ്‌ലിയാര്‍ (62) ആണ് അറസ്റ്റിലായത്. പ്രതിയെ ഞായറാഴ്ച മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കും.

എസ്.ഐ പി.കെ. രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സുരക്ഷാ സന്നാഹവുമായി ശനിയാഴ്ച പുലര്‍ച്ചെ 5.30- ഓടെയാണ് അബ്ദുല്‍ നൂറുമായി അന്വേഷണസംഘം തെളിവെടുപ്പിനെത്തിയത്. കുറ്റിപ്പുറം തെക്കേ അങ്ങാടിയിലുള്ള അദ്ദേഹത്തിന്റെ തറവാട്ടുവീട്ടിലാണ് ആദ്യമെത്തിച്ചത്. മൂന്ന് മണിക്കൂറോളം ക്രൈംബ്രാഞ്ച് സംഘം ഇവിടെ പരിശോധനനടത്തി. അബ്ദുല്‍നൂറിന്റെ പാസ്‌പോര്‍ട്ട് കണ്ടെടുത്തു. തുടര്‍ന്ന് നിക്ഷേപകരില്‍നിന്ന് പണം സ്വീകരിച്ചിരുന്ന തിരൂര്‍ റോഡിലെ ഷാന്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലും എത്തിച്ച് തെളിവെടുത്തു.

2008 നവംബര്‍ 12ന് അബ്ദുല്‍നൂറിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നാടന്‍ തോക്കും തിരകളും കണ്ടെടുത്തിരുന്നു. ഭാരതപ്പുഴയില്‍നിന്ന് ലഭിച്ചതാണ് തോക്ക് എന്നാണ് അന്ന് നൂര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, അന്വേഷണസംഘം ഇപ്പോള്‍ നടത്തിയ ചോദ്യംചെയ്യലിലാണ് എടപ്പാളിലെ ഹംസ മുസ്‌ലിയാരാണ് തനിക്ക് തോക്ക് നല്‍കിയതെന്ന് നൂര്‍ വെളിപ്പെടുത്തിയത്.

ഒമ്പതോടെ കുറ്റിപ്പുറത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണസംഘം നൂറിനേയുംകൂട്ടി ഹംസ മുസ്‌ലിയാരുടെ മൂതൂരിലെ വീട്ടിലെത്തി. ബന്ധുവീട്ടിലേക്ക് പോയിരുന്ന ഹംസമുസ്‌ലിയാരെ അന്വേഷണസംഘം വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നു. ലൈസന്‍സില്ലാത്ത തോക്ക് കൈവശംവെച്ചതിനും കൈമാറ്റം ചെയ്തതിനുമാണ് ഹംസയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഹംസയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അബ്ദുല്‍നൂറിന് പണംനല്‍കിയതിന്റെ രേഖകള്‍ കണ്ടെടുത്തു. കൂടാതെ, എയര്‍ ഗണ്‍, വാള്‍, കത്തി, മൂര്‍ച്ചയുള്ള മറ്റ് വിവിധതരം ആയുധങ്ങള്‍ എന്നിവയും ലഭിച്ചു. ലൈസന്‍സ് ആവശ്യമില്ലാത്ത വിഭാഗത്തില്‍ പെടുന്നതാണ് തോക്ക് എന്നാണ് ഹംസ മുസ്‌ലിയാര്‍ അന്വേഷണസംഘത്തിന് മൊഴിനല്‍കിയത്. ഇക്കാര്യം ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ച് വരുകയാണ്.

ഹംസ മുസ്‌ലിയാര്‍ക്ക് തോക്കുനല്‍കിയ പോത്തനൂര്‍ സ്വദേശി മരിച്ചതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി അബ്ദുല്‍നൂറിനെ ഞായറാഴ്ച മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കും.

പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി കെ. വിജയന്റെ നിര്‍ദേശപ്രകാരം സി.ഐമാരായ എം. മുഹമ്മദ് ഹനീഫ, കെ.എം. പ്രസാദ്, എസ്.ഐമാരായ ശിവപ്രസാദ്, അബ്ദുല്‍കരീം, മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Summary: The person who gave the pistol to abdul noor arrested at Edappal


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!