കുറ്റിപ്പുറം നിക്ഷേപക തട്ടിപ്പ്: പ്രതികൾ അറസ്റ്റിലായതോടെ നിക്ഷേപകർ പ്രതീക്ഷയിൽ
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസില്‍ ഇപ്പോഴുണ്ടായ വഴിത്തിരിവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് പണം നഷ്ടപ്പെട്ടവർ. കേസിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം മൂന്നുപേരെയാണ് ഇതിനോടകം അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍ നൂറിന്റെ സഹായികളും തട്ടിപ്പ് നടത്തിയിരുന്ന ഷാന്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരുമായിരുന്ന കുറ്റിപ്പുറം വലിയപള്ളിയാലില് മുഹമ്മദ് മുസ്തഫ (37), അന്നത്ത് ഫൈസല്‍ (30), വളാഞ്ചേരി വലിയകുന്ന് വലിയവളപ്പില്‍ ഹാരിസ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം ഇപ്പോള്‍ റിമാന്‍ഡിലാണ്.
പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ അഞ്ചുവര്‍ഷമായി തുടരുന്ന നിയമപോരാട്ടത്തിന്റെയും പ്രതിഷേധങ്ങളുടെയും ഫലമായിട്ടാണ് ഇപ്പോള്‍ വീണ്ടും അറസ്റ്റുണ്ടായിട്ടുള്ളത്. ഇപ്പോള്‍ അറസ്റ്റിലായവരെല്ലാം നേരത്തെ മുഖ്യപ്രതി അബ്ദുല്‍ നൂറിനൊപ്പം അറസ്റ്റിലായതാണ്. പ്രസ്തുത കേസുകളില്‍ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി കുടുംബസമേതം വിദേശത്തേക്ക് കടക്കുകയായിരുന്നു. നൂര്‍ നാട്ടിലെത്തിയെന്നുള്ള സൂചനകളും പണം നഷ്ടപ്പെട്ട രണ്ടുപേര്‍ നല്കിയ പരാതികളുമാണ് ഇപ്പോള്‍ രണ്ടും മൂന്നും നാലും പ്രതികളുടെ അറസ്റ്റിന് കാരണമായത്.
നൂര്‍ നാട്ടിലെത്തിയിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞിരുന്ന അന്വേഷണ സംഘം ഇപ്പോള്‍ നിലപാടില്‍ അയവുവരുത്തിയിട്ടുണ്ട്. എവിടെയാണുള്ളതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും വിദേശത്തുനിന്ന് നൂര്‍ നാട്ടിലെത്തിയിട്ടുണ്ടെന്നുതന്നെയാണ് ക്രൈംബ്രാഞ്ചും ഇപ്പോള്‍ കരുതുന്നത്. നിക്ഷേപകര്‍ക്ക് പണം മടക്കിനല്കാനായി ബിനാമികളുമായി ചര്‍ച്ച നടത്താനാണ് നൂര്‍ നാട്ടിലെത്തിയതെന്നാണ് അടുത്തവൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ഇതിനിടെ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ജാമ്യം നേടാനുള്ള നൂറിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. നാട്ടിലെ പ്രതികളെ അറസ്റ്റ്ചെയ്തതോടെ നൂറിനെയും അറസ്റ്റുചെയ്യാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണസംഘം. സഹായികളുടെ അറസ്റ്റ് നൂറിന് രക്ഷപ്പെടാനുള്ള അവസരമൊരുക്കി നല്‍കുന്നതിനാണെന്നും ആരോപണമുണ്ട്.
എന്നാല്‍, നൂര്‍ നാട്ടിലെത്തിയിട്ടുണ്ടെങ്കില് വീണ്ടും വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള ശ്രമമാണ് അന്വേഷണസംഘം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തദിവസംതന്നെ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും അത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനും ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ച് നൂറിന്റെ താവളം കണ്ടെത്താനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.
നൂര്‍ അറസ്റ്റിലാകുന്നതോടെ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. മറ്റ് പ്രതികളുടെ അറസ്റ്റ് നടന്നതോടെ ഏതുവിധേനയും പണം തിരികെ നല്കാന് നൂറിന്റെ ഭാഗത്തുനിന്നും നീക്കങ്ങളുണ്ടാകുമെന്നും നിക്ഷേപകര്‍ കരുതുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here