കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്: അബ്ദുല്‍നൂറിന് കിട്ടാനുള്ളത് 350 കോടിയോളം രൂപ, പണംകൈമാറിയത് ഹവാല ഇടപാടിലൂടെ.
നിക്ഷേപകരില്‍നിന്ന് കോടികള്‍ സമാഹരിച്ച് മുങ്ങിയ അബ്ദുല്‍നൂറിന് കിട്ടാനുള്ളത് 350 കോടിയോളം രൂപ. അബ്ദുല്‍നൂറിന്റെ വിശ്വസ്തരുടെ പക്കലാണ് ഈ ഭീമമായ സംഖ്യയുള്ളത്. ഹവാല ഇടപാടിലൂടെയാണ് അബ്ദുല്‍ നൂര്‍ വിശ്വസ്തര്‍ക്ക് പണംകൈമാറിയത്.
ക്രൈംബ്രാഞ്ച്‌സംഘം നടത്തിയ ചോദ്യംചെയ്യലിലാണ് ഹവാല ഇടപാടിന്റെ കാര്യം അബ്ദുല്‍ നൂര്‍ വെളിപ്പെടുത്തിയത്. ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലുള്ള സുഹൃത്തുക്കള്‍ക്കാണ് നൂര്‍ പണംനല്‍കിയത്. നാട്ടിലെ ഹവാലസംഘത്തിന് പണംനല്‍കുമ്പോള്‍ അതിന്റെ മൂല്യം വിദേശത്തെ നൂറിന്റെ സുഹൃത്തുക്കള്‍ക്ക് അപ്പപ്പോള്‍ത്തന്നെ കിട്ടിക്കൊണ്ടിരുന്നു. ദുബായ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഹവാല ഇടപാട് നടത്തുന്നവരുമായും നൂറിന് ബന്ധമുണ്ടായിരുന്നു.
17-ഓളം ആളുകളുടെ കൈയിലാണ് അബ്ദുല്‍നൂറിന്റെ പണമുള്ളത്. പലരുമായുള്ള ഇടപാടുകള്‍ക്കും വ്യക്തമായ രേഖകളുണ്ടെന്നും അവ സുരക്ഷിതമായി ദുബായില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അബ്ദുല്‍നൂര്‍ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കിട്ടാനുള്ള സംഖ്യ ഇനിയുമുണ്ടെങ്കിലും ചിലതിനൊന്നും വ്യക്തമായ രേഖകളില്ലെന്നും നൂര്‍ മൊഴിനല്‍കി.
പ്രവാസി ബിസിനസ്സുകാരനായ കുറ്റിപ്പുറം എടച്ചലം സ്വദേശിയായ ഒരാള്‍ 250 കോടി രൂപ തനിക്ക് നല്‍കാനുണ്ടെന്നാണ് നൂര്‍ വെളിപ്പെടുത്തിയത്. ഇയാള്‍ ഇപ്പോള്‍ കുവൈത്തിലാണ്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി 42 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 70 കോടിയോളം രൂപ) നല്‍കാനുണ്ട്.
ആവശ്യമുള്ളപ്പോള്‍ പണം മടക്കിത്തരാമെന്നുള്ള ഉറപ്പിന്മേലാണ് ഭീമമായ സംഖ്യകള്‍ പലര്‍ക്കായി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി നൂറിന്റെ പണംകൈപ്പറ്റിയവരെ മുഴുവന്‍ പ്രതിചേര്‍ത്തേയ്ക്കുമെന്നാണ് സൂചന.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here