സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു
സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ വ്യാജ ഡ്രൈവിങ് ലൈസന്‍സ് കൈവശംവെച്ച സംഭവത്തില്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് തിരൂര്‍ കോടതിയില്‍നിന്ന് സരിതയെ കസ്റ്റഡിയില്‍ വാങ്ങിയത്. കുറ്റിപ്പുറം എസ്.ഐ ബേബി സരിതയില്‍നിന്ന് മൊഴിയെടുത്തു. കേസില്‍ മൂന്നാം പ്രതിയാണ് സരിത.
സോളാര്‍ കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ വാഴക്കാല ചെമ്പ്മുക്കിലുള്ള ഇവരുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തുന്നതിനിടെയാണ് സരിതയുടെ പേരിലുള്ള ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്. കൊല്ലം ആര്‍.ടി.ഓഫീസില്‍നിന്ന് അനുവദിച്ച ലൈസന്‍സ് കൊല്ലം പരവൂര്‍ സ്വദേശിയുടെ പേരിലുള്ളതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സരിതയെ ചോദ്യം ചെയ്തപ്പോള്‍ ടീം സോളാര്‍ കമ്പനിയിലെ മണിമോന്‍ ആണ് ലൈസന്‍സ് തരപ്പെടുത്തിയതെന്ന് മൊഴിനല്‍കി.
തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഇയാളെ അറസ്റ്റുചെയ്തു. തൃക്കണാപുരം ചാലക്കാട്ട് വളപ്പില്‍ ബാദുഷയാണ് ലൈസന്‍സ് നിര്‍മിച്ചുനല്‍കിയതെന്നായിരുന്നു ഇയാളുടെ മൊഴി.
ബാദുഷ ഒളിവില്‍ പോയതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് കുറ്റിപ്പുറം പോലീസിന് കേസ് കൈമാറുകയായിരുന്നു. മണിമോനെ ഒന്നാംപ്രതിയായും ബാദുഷ രണ്ടാംപ്രതിയായായും സരിതയേയും ബിജുവിനേയും മൂന്നും നാലും പ്രതികളായും ചേര്‍ത്താണ് കുറ്റിപ്പുറം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബാദുഷയെ പരിചയമില്ലെന്നും ബിജു രാധാകൃഷ്ണനാണ് ലൈസന്‍സ് നിര്‍മിച്ചതെന്നും സരിത പോലീസിന് മൊഴിനല്‍കി.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സരിതയെ റിമാന്‍ഡ് രേഖപ്പെടുത്തി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. കുറ്റിപ്പുറം എസ്.ഐ പി.കെ. രാജ്‌മോഹന്‍ രണ്ടു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും സരിതയുടെ അഭിഭാഷകന്‍ എതിര്‍ത്തതോടെ വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെയാണ് കസ്റ്റഡി അനുവദിച്ചത്. തുടര്‍ന്നാണ് കുറ്റിപ്പുറത്തേക്ക് കൊണ്ടുപോയത്.
കൊട്ടാരക്കര കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കേണ്ടതിനാലാണ് ബിജു രാധാകൃഷ്ണനെ വ്യാഴാഴ്ച തിരൂരില്‍ ഹാജരാക്കാതിരുന്നത്.
Summary: Sarita S Nair, the main accused in the Solar scam, has been brought to Kuttippuram Police station to take her statement in relation with possessing fake driving license.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here