സ്റ്റോപ്പനുവദിക്കുന്നതിൽ കുറ്റിപ്പുറത്തിനോട് പതിവുപോലെ അവഗണന
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനോട് വീണ്ടും അധികൃതരുടെ അവഗണന. ഇന്റര്‍സിറ്റി എക്സ്പ്രസ്സിന് പരപ്പനങ്ങാടിയില്‍ സ്റ്റോപ്പ് അനുവദിച്ചപ്പോഴും ജില്ലയിലെ പ്രധാന സ്റ്റേഷനായ കുറ്റിപ്പുറത്തെ അധികൃതര്‍ തഴഞ്ഞു. മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സിനാണ് പരപ്പനങ്ങാടിയില്‍ പുതിയ സ്റ്റോപ്പ് അനുവദിച്ചത്. ഈ വണ്ടിക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുമ്പോഴാണ് പ്രതീക്ഷകള്‍ പാളംതെറ്റിച്ചുകൊണ്ട് വണ്ടി പരപ്പനങ്ങാടിയില്‍ നിര്‍ത്താന്‍ അനുമതിയായത്. തിരൂരില്‍ മാത്രമാണ് ജില്ലയില്‍ ഈ വണ്ടിക്ക് സ്റ്റോപ്പുണ്ടായിരുന്നത്. രാവിലെ 8.30നും വൈകീട്ട് 4.10നുമാണ് ഇന്റര്‍സിറ്റി എക്സ്പ്രസ് കുറ്റിപ്പുറത്തുകൂടി കടന്നുപോകുന്നത്. മറ്റ് ജില്ലകളിലെല്ലാം രണ്ട് സ്റ്റോപ്പുകള്‍ ഉണ്ടെങ്കിലും ജില്ലയില്‍ ഒരിടത്ത് മാത്രമാണ് വണ്ടി നിര്‍ത്തിയിരുന്നത്. ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന് കിടക്കുന്ന സ്റ്റേഷനായതിനാല്‍ കുറ്റിപ്പുറത്ത് വണ്ടി നിര്‍ത്തുന്നത് യാത്രക്കാര്‍ക്കും ഏറെ സൗകര്യപ്രദമാണ്. തിരുനാവായ നാവാമുകുന്ദക്ഷേത്രം, കാടാമ്പുഴ ഭഗവതിക്ഷേത്രം, ഗുരുവായൂര്‍ക്ഷേത്രം, പുത്തന്‍പള്ളി ജാറം, കാര്‍ഷിക എന്‍ജി. കോളേജ്, എം.ഇ.എസ് എന്‍ജി. കോളേജ് എന്നിവിടങ്ങളിലേക്കുള്ളവരെല്ലാം കുറ്റിപ്പുറം സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. പാസഞ്ചര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എം.പിയുമായി ബന്ധപ്പെട്ടെങ്കിലും സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍വാഹമില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്. തുടര്‍ന്ന് ഇ. ശ്രീധരനെ സന്ദര്‍ശിച്ച ഭാരവാഹികള്‍ക്ക് യാത്രക്കാര്‍ ഒപ്പിട്ട നിവേദനം നല്‍കിയാല്‍ സ്റ്റോപ്പ് അനുവദിക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്നുള്ള ഉറപ്പ് ലഭിച്ചിരുന്നു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് പരപ്പനങ്ങാടിയില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേയുടെ ഉത്തരവുണ്ടായിരിക്കുന്നത്.
Summary: The railway continue ignoring the requirements of the Kuttippuram station in allotting stops,
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here