HomeNewsDevelopmentsമലപ്പുറം ജില്ലയിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ 100 കോടിയുടെ വികസനം നടപ്പാക്കും-പി.കെ. കൃഷ്ണദാസ്

മലപ്പുറം ജില്ലയിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ 100 കോടിയുടെ വികസനം നടപ്പാക്കും-പി.കെ. കൃഷ്ണദാസ്

pk-krishnadas-kuttippuram

മലപ്പുറം ജില്ലയിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ 100 കോടിയുടെ വികസനം നടപ്പാക്കും-പി.കെ. കൃഷ്ണദാസ്

കുറ്റിപ്പുറം : അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളിലായി 100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്. റെയിൽവേസ്റ്റേഷൻ സന്ദർശനത്തിന്റെ ഭാഗമായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തിയ അദ്ദേഹം പത്രപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
kuttippuram
കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, അങ്ങാടിപ്പുറം, നിലമ്പൂർ റെയിൽവേ സ്റ്റേഷനുകളിലായാണ് 100 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടക്കുക. ഇതിൽ രണ്ട് ഘട്ടമായി 16 കോടിയുടെ വികസനപ്രവർത്തനങ്ങൾ കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ മാത്രം നടക്കും. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നടക്കുന്ന ആദ്യഘട്ട വികസനപ്രവർത്തനങ്ങൾ ഡിസംബർ 31-നകം അവസാനിക്കും. രണ്ടാംഘട്ട പ്രവർത്തനം അടുത്തവർഷം ജൂൺ മാസത്തോടെയും പൂർത്തീകരിക്കും. റെയിൽവേ സ്റ്റേഷന്റെ പ്രവേശനകവാടം പ്രദേശത്തിന്റെ സാംസ്കാരികത വ്യക്തമാക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്യുന്നത്. രണ്ട് പ്ലാറ്റ് ഫോമുകളിലും ഷെൽറ്ററുകൾ കൂടുതലായി നിർമിക്കും. രണ്ടാംനമ്പർ പ്ലാറ്റ് ഫോമിന്റെ നിലം ആധുനിക രീതിയിൽ നിർമിക്കും. രണ്ട് പ്ലാറ്റ് ഫോമുകളിലും കുടിവെള്ളം ലഭ്യമാക്കും. സ്റ്റേഷനിലെ വിവിധ സേവനങ്ങൾ സംബന്ധിച്ച വിവരം യാത്രക്കാരനു ലഭ്യമാക്കാൻ ഡിജിറ്റൽ ദിശാ ബോർഡുകൾ സ്ഥാപിക്കും. വാഹന പാർക്കിങ് സംവിധാനം കൂടുതൽ വിപുലമാക്കും. യാത്രക്കാർക്ക് ആധുനിക രീതിയിലുള്ള ഇരിപ്പിടസംവിധാനങ്ങൾ ഒരുക്കും. കോവിഡ് കാലഘട്ടത്തിൽ സ്റ്റോപ്പുകൾ നിർത്തലാക്കിയ തീവണ്ടികൾക്ക് സ്റ്റോപ് അനുവദിക്കുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡാണ് തീരുമാനമെടുക്കേണ്ടത്.
Tirur_Railway_Station
വിഷയം റെയിൽവേ ബോർഡിനു മുൻപിൽ അവതരിപ്പിക്കും . അന്വേഷണ കൗണ്ടറുകളിലെ ഫോൺസംവിധാനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കും. ഗുരുവായൂർ ക്ഷേത്രത്തെ മുൻനിർത്തി അവിടുത്തെ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെടുത്തി വ്യത്യസ്ത തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഭക്തജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യം കണക്കിലെടുത്ത് തിരുനാവായ -ഗുരുവായൂർ പാത പ്രാവർത്തികമാക്കാൻ സാധിക്കുമോെയന്നതു സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
pk-krishnadas-kuttippuram
റെയിൽവേ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ഡോ. അരുൺ തോമസ്, അസി. കൊമേഴ്സ്യൽ മാനേജർ അനിത ജോസ്, അസി. ഡിവിഷനൽ എൻജിനീയർമാരായ അളഗര സ്വാമി, രവീന്ദ്രൻ എന്നിവരടങ്ങിയ ഉദ്യോഗസ്ഥസംഘവും ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്ത്, വി. ഉണ്ണികൃഷ്ണൻ, കെ.കെ. സുരേന്ദ്രൻ, കെ.പി. അനിൽകുമാർ, എം. പ്രേമൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വിവിധ സംഘടനകളും രാഷ്ട്രീയപാർട്ടികളും വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള നിവേദനങ്ങൾ നൽകി. സന്ദർശനപരിപാടി ചൊവ്വാഴ്ച പാലക്കാട്ട് സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!