വളാഞ്ചേരി ഉൾപ്പടെ ജില്ലയിലെ 13 പൊലീസ് സ്റ്റേഷനുകളില്‍ ഇന്നു മുതല്‍ സി.ഐ ഭരണം
മലപ്പുറം: ജില്ലയിലെ 13 പൊലീസ് സ്റ്റേഷനുകളുടെ
ചുമതല ഞായറാഴ്ചമുതല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഏറ്റെടുക്കും. നിലവില്‍ എസ്ഐമാരായിരുന്നു സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാര്‍. അത് മാറ്റി സിഐമാരെ ഏല്‍പ്പിച്ചുകൊണ്ട് കഴിഞ്ഞമാസം ആദ്യം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സര്‍ക്കിള്‍ ഓഫീസുകളുള്ളിടത്താണ് ഇത് ആദ്യം നടപ്പാകുന്നത്.
സര്‍ക്കിള്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം, കൊണ്ടോട്ടി, തിരൂരങ്ങാടി, മഞ്ചേരി, പെരിന്തല്‍മണ്ണ, പാണ്ടിക്കാട്, വണ്ടൂര്‍, എടക്കര, തിരൂര്‍, താനൂര്‍, പൊന്നാനി, വളാഞ്ചേരി, നിലമ്പൂര്‍ എന്നീ സ്റ്റേഷനുകളിലാണ് സിഐമാര്‍ ചുമതലയേല്‍ക്കുക.
പ്രകാശ് സിങ് ബാദല്‍ കേസിലെ സുപ്രീം കോടതിവിധിയുടെയും പൊലീസ് സ്റ്റേഷനുകളില്‍ നടപ്പാക്കേണ്ട പരിഷ്കാരങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് കെ ടി തോമസ് കമീഷന്റെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭരണപരമായ ഈ മാറ്റം. നിയമപരിപാലനവും കുറ്റാന്വേഷണവും വെവ്വേറെ ആക്കണമെന്നായിരുന്നു കമീഷന്‍ നിര്‍ദേശം. സബ് ഇന്‍സ്പെക്ടര്‍ പദവിയിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഓരോ പൊലീസ് സ്റ്റേഷനിലും ഉണ്ടാകേണ്ടതിനൊപ്പം അവരുടെ മേല്‍നോട്ടംവഹിക്കുന്നതിന് ഉയര്‍ന്ന തസ്തികയിലുള്ള ഓഫീസറുടെ സേവനം ലഭ്യമാക്കണം. നിലവിലുള്ള പല നിയമങ്ങളും നടപ്പാക്കേണ്ട ചുമതല സ്റ്റേഷന്‍ ഹൌസ് ഓഫീസറില്‍ നിക്ഷിപ്തമാണ്.
താരതമ്യേന പരിചയക്കുറവുള്ള സബ് ഇന്‍സ്പെക്ടറുടെ സ്ഥാനത്ത് ഉയര്‍ന്ന റാങ്കുള്ള പരിണതപ്രജ്ഞനായ ഉദ്യോഗസ്ഥന് കൂടുതല്‍ കാര്യങ്ങള്‍ നിര്‍വഹിക്കാനാകുമെന്നതിനാലാണ് ഇപ്പോഴത്തെ മാറ്റം. സമൂഹത്തില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണവും അതിലോലവുമായ പ്രശ്നങ്ങള്‍ കൂടുതല്‍ പ്രായോഗികമായി കൈകാര്യംചെയ്യാന്‍ തഴക്കവും പഴക്കവും സിദ്ധിച്ച ഉദ്യോഗസ്ഥന്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസറായി പൊലീസ് സ്റ്റേഷന്റെ ഭരണത്തില്‍ വരുന്നതാണ് നല്ലതെന്നതും പുതിയ ഉത്തരവിന് കാരണമായി.
ഒരേ വളപ്പില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷനുകളും സര്‍ക്കിള്‍ ഓഫീസുകളുമുള്ളയിടങ്ങളില്‍ പുതിയ സംവിധാനത്തിനുകീഴില്‍ ഒറ്റ ഓഫീസായാണ് പ്രവര്‍ത്തിക്കുക.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here