ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര; പിഴയടയ്ക്കാത്ത യുവാവിന് 15 ദിവസം ജയിൽശിക്ഷ
കുറ്റിപ്പുറം: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത വല്ലപ്പുഴ സ്വദേശിക്ക് 15 ദിവസം ജയിൽശിക്ഷ. ഏപ്രിൽ 27-ന് മംഗളൂരു- കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിൽ തിരൂരിൽനിന്ന് പാലക്കാട്ടേക്ക് ടിക്കറ്റില്ലാതെ യാത്രചെയ്ത മുഹമ്മദ് ഷാഫി(30)ക്കാണ് ജയിൽശിക്ഷ ലഭിച്ചത്. യാത്രക്കിടെ പിടിക്കപ്പെട്ട യുവാവ് പിഴയും യാത്രാക്കൂലിയും അടയ്ക്കാത്തതിനാൽ കോഴിക്കോട് ടിക്കറ്റ് പരിശോധനാവിഭാഗം യുവാവിനെ ഷൊർണൂർ ആർ.പി.എഫിന് കൈമാറിയിരുന്നു. തുടർന്ന് ആർ.പി.എഫ്. കേസ് രജിസ്റ്റർചെയ്ത് യുവാവിനെ ജാമ്യത്തിൽവിട്ടു. എന്നാൽ ആറുമാസമായിട്ടും ഷൊർണൂർ റെയിൽവേകോടതിയിൽ ഹാജരായി പിഴ അടയ്ക്കാത്തതിനാൽ സമൻസ് അയച്ചു. എന്നിട്ടും യുവാവ് ഹാജരാവാത്തതിനെത്തുടർന്ന് കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
പാലക്കാട് ആർ.പി.എഫ്. അസിസ്റ്റന്റ് കമ്മിഷണറുടെ നിർദേശപ്രകാരം ഷൊർണൂർ ആർ.പി.എഫ്. സബ് ഇൻെസ്പക്ടർ ഹരികുമാർ യുവാവിനെ വല്ലപ്പുഴയിലെ വീട്ടിൽനിന്ന് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. 1000 രൂപ പിഴ അടയ്ക്കാത്തതിനാൽ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്ത യുവാവിനെ ഒറ്റപ്പാലം സബ് ജയിലിലേക്കു മാറ്റി. ഇത്തരത്തിൽ പിഴ അടയ്ക്കാനുള്ള കേസുകളിൽ ജാമ്യത്തിൽപ്പോയി കോടതിയിൽ ഹാജരാകാത്തവർക്കെതിരേ കർശന നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ആർ.പി.എഫ്. പോസ്റ്റ് കമാൻഡർ ക്ലാരി വൽസ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here