കടുങ്ങാത്തുകുണ്ട് സപ്ലൈകോ ഗോഡൗണിൽ 2.78 കോടിയുടെ ഭക്ഷ്യധാന്യങ്ങൾ മിറിച്ചുവിട്ടു; എട്ട് ജീവനക്കാരുടെ പേരിൽ കേസ്
കല്പകഞ്ചേരി : കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ റേഷൻ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിൽ വൻ തട്ടിപ്പ് കണ്ടെത്തി. 2,78,74,579 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവത്തിൽ എട്ടു ജീവനക്കാരുടെ പേരിൽ കല്പകഞ്ചേരി പോലീസ് കേസെടുത്തു. തിരൂർ സപ്ലൈകോ താലൂക്ക് ഡിപ്പോയുടെ കീഴിൽ റേഷൻകടകളിലേക്ക് വിതരണംചെയ്യാനായി എത്തിച്ച അരി, ഗോതമ്പ്, ആട്ട എന്നിവയാണ് ജീവനക്കാർ മറിച്ച് വിറ്റതായി കണ്ടെത്തിയത്. 2023-ലേയും 2024 മാർച്ച് 31 വരെയുമുള്ള സ്റ്റോക്ക് തിരൂർ താലൂക്ക് സപ്ലൈ ഓഫീസറും സപ്ലൈകോ ഇന്റേണൽ ഓഡിറ്റ് വിഭാഗവും ചേർന്ന് പരിശോധിച്ചപ്പോഴാണ് സ്റ്റോക്കിൽ കുറവുകണ്ടത്. തുടർന്ന് സപ്ലൈകോ തിരൂർ ഡിപ്പോ മാനേജർ പാലക്കാട് റീജിണൽ ഡിപ്പോ മാനേജരെ അറിയിച്ചു. മാനേജർ എറണാകുളം സപ്ലൈകോ ഇന്റേണൽ വിജിലൻസ് വിഭാഗത്തിന് പരാതി നൽകി. തിരൂർ സപ്ലൈകോ ഡിപ്പോ മാനേജർ കല്പകഞ്ചേരി പോലീസിലും പരാതി നൽകി. തുടർന്നാണ് പോലീസ് എട്ടു ജീവനക്കാരുടെ പേരിൽ കേസെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം താനൂർ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ സന്തോഷ്, ദാസൻ എന്നിവർ ചേർന്നാണ് ഡിപ്പോയിൽ പരിശോധന നടത്തിയത്. അതേസമയം ആരോപണം നേരിടുന്ന ജീവനക്കാർ ഇപ്പോഴും ഡിപ്പോയിൽ ജോലി ചെയ്യുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here