വളാഞ്ചേരിയിലെ സ്ഥാപനത്തിൽ നിന്നും ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു
വളാഞ്ചേരി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഓക്സിജൻ സിലിണ്ടറുകൾ വളാഞ്ചേരിയിലെ സ്ഥാപനത്തിൽ നിന്നും പിടികൂടി. ദേശീയപാത 66ലെ പൈങ്കണ്ണൂർ മുക്കിലപീടികയിലെ വിതരണ കേന്ദ്രത്തിൽ നടത്തിയ റെയിഡിലാണ് വ്യാവസായികാവശ്യങ്ങൾക്കുള്ള 21 ഡി-ടൈപ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തിരൂർ താലൂക്ക് വ്യവസായ ഓഫീസർ ടി പി അബ്ദുൽ സലാം, തിരൂർ തഹസിൽദാർ ടി ഉണ്ണി, ഡെപ്യൂട്ടി തഹസിൽദാർമാരായ ആദിൽ അലി അക്ബർ, ശ്രീനിവാസ് എന്നിവരും വില്ലേജ് ഓഫീസർ ജയശങ്കർ, തിരൂർ ഇൻ്റസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് നയീം, വളാഞ്ചേരി എസ്.എച്.ഒ പി.എം ഷമീർ, എസ്.ഐ റാഫി, സി.പി.ഒമാരായ ദീപു, ഷഫീഖ്, കൃഷ്ണ പ്രസാദ് തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി.
സംസ്ഥാനം നേരിടുന്ന ഓക്‌സിജൻക്ഷാമം കണക്കിലെടുത്താണ് സിലിൻഡറുകൾ കണ്ടുകെട്ടിയത്. പിടിച്ചെടുക്കുന്ന സിലിണ്ടറുകൾ ഓക്‌സിജൻ മാനേജ്‌മെന്റ് കമ്മിറ്റി അണുനശീകരണം വരുത്തി ഓക്‌സിജൻ നിറയ്ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഓക്‌സിജൻ നിറയ്ക്കാവുന്ന സിലിണ്ടറുകൾ കൈവശമുള്ള സർക്കാർ ഇതരസ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽനിന്ന് സിലിണ്ടറുകൾ പിടിച്ചെടുക്കാൻ കലക്ടർ കെ ഗോപാലകൃഷ്ണൻ ഈ മാസമാദ്യം ഉത്തരവിട്ടിരുന്നു. ഓക്‌സിജനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കൺട്രോൾ റൂം മുഖേന പരിഹരിക്കും ഫോൺ: 0483 2952950.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here