താനൂര്‍ തൂവല്‍തീരത്ത് വിനോദ യാത്രാ ബോട്ട് മുങ്ങി 21 മരണം
താനൂർ: പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങി വൻ ദുരന്തം. 21 പേർ മരിച്ചതായി പ്രാഥമിക വിവരം. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. 35- ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. തീരത്തിന് 300 മീറ്റർ അകലെയാണ് ബോട്ട് മുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ സ്ഥലത്തെത്തും. ഇതുവരെ 12-ാളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂർണ്ണമായും മുങ്ങി. ബോട്ടിന്റെ വാതിൽ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ബോട്ടിൽ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലായിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അവധി ദിനമായതിനാൽ തീരത്ത് സന്ദർശകർ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷൻ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കൽ,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here