പുതിയ റേഷൻ കാർഡ് ; ജില്ലയിൽ ലഭിച്ചത് 2917 അപേക്ഷ
പുതിയ റേഷൻ കാർഡിന് ജില്ലയിലാകെ ഇതുവരെ ലഭിച്ചത് 2917 അപേക്ഷ. 15 മുതലാണ് താലൂക്ക് സപ്ലൈ ഓഫീസുകളിലും സിറ്റി റേഷനിങ് ഓഫീസുകളിലും പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. തിരൂർ താലൂക്ക് സപ്ലൈ ഓഫീസിൽ കൂടുതൽ (788) അപേക്ഷ ലഭിച്ചപ്പോൾ കുറവ് തിരൂരങ്ങാടിയിലാണ്. 171 അപേക്ഷ മാത്രമാണ് ശനിയാഴ്ചവരെ ഇവിടെ ലഭിച്ചത്.

സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തവർക്കും കഴിഞ്ഞ റേഷൻ കാർഡ് പുതുക്കുന്ന സമയത്ത് ഫോട്ടോ എടുത്ത് പുതുക്കാത്തവർ, നാളിതുവരെ ഒരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ലാത്തവർ, താൽക്കാലിക കാർഡ് (ചട്ട കാർഡ്) കൈവശമുള്ളവർ, റേഷൻ കാർഡ് പുതുക്കാനായി ഫോട്ടോ എടുത്തിട്ടും ലിസ്റ്റിൽ പേരുവരാത്തവർ, മറ്റു സംസ്ഥാനങ്ങളിൽനിന്ന് റേഷൻ കാർഡ് സറണ്ടർ ചെയ്ത് സർട്ടിഫിക്കറ്റ് കൈവശമുള്ളവർ തുടങ്ങിയവരിൽനിന്നാണ് അപേക്ഷ ക്ഷണിച്ചത്.
Application-form-for-new-ration-card: https://goo.gl/2EnUUR
സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോറം പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ചശേഷമാണ് അപേക്ഷിക്കേണ്ടത്. കാർഡ് ഉടമയുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയിൽ ഒന്ന് നിർദിഷ്ട സ്ഥാനത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം. അപേക്ഷകർക്ക് പുതിയ റേഷൻ കാർഡ് ജൂൺ മുതൽ വിതരണം ചെയ്യും. തെറ്റ് തിരുത്തൽ, അംഗങ്ങളെ ചേർക്കൽ, നീക്കം ചെയ്യൽ, റേഷൻകട മാറ്റം, വരുമാനം തിരുത്തൽ, വിട്ടുപോയ അംഗങ്ങളെ ചേർക്കൽ, കുടുംബ റേഷൻ കാർഡ് വിഭജിച്ച് പുതിയ റേഷൻ കാർഡ് ഉണ്ടാക്കൽ, സറണ്ടർ സർട്ടിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും. 

ഹാജരാക്കേണ്ട രേഖകൾ
അപേക്ഷയിലുൾപ്പെടുത്തിയ അംഗങ്ങളുടെ ആധാർ കാർഡിന്റെ പകർപ്പ്. രണ്ടു വയസിനുമുകളിലുള്ള കുട്ടികളെ ചേർക്കുന്നുണ്ടെങ്കിൽ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽനിന്ന് ലഭിക്കുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്,
പുതുക്കാത്ത റേഷൻ കാർഡ് ഉടമകൾ പഴയ റേഷൻ കാർഡും, സംസ്ഥാനത്തെ ഒരിടത്തും റേഷൻ കാർഡ് ഇല്ലാത്തവർ ഇത് തെളിയിക്കുന്ന രേഖയും, താൽക്കാലിക റേഷൻ കാർഡായ ചട്ട കാർഡ് ഉള്ളവർ ചട്ട കാർഡും, കഴിഞ്ഞ കാർഡ് പുതുക്കൽ വേളയിൽ ഫോട്ടോ എടുത്തിട്ടും ഒരു ലിസ്റ്റിലും പേരു വരാത്തവർ നിലവിലെ റേഷൻ കാർഡിന്റെ പകർപ്പും അസ്സൽ കാർഡും. മറ്റു സംസ്ഥാനങ്ങളിൽനിന്നു റേഷൻ കാർഡ് സറണ്ടർ ചെയ്ത സർട്ടിഫിക്കറ്റ് കൈവശമുള്ളവർ സർട്ടിഫിക്കറ്റിന്റെ അസ്സൽ, പകർപ്പ് എന്നിവയും ഹാജരാക്കണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here