25 കിലോ കഞ്ചാവുമായി 3 പേര്‍ കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം: 25 കിലോ കഞ്ചാവുമായി 3 പേര്‍ കുറ്റിപ്പുറത്ത് എക്സൈസിന്റെ പിടിയിലായി. കഞ്ചാവ് ഓട്ടോറിക്ഷയില്‍ കയറ്റുന്നതിനിടെയാണ് യുവാക്കളെ കുറ്റിപ്പുറം എക്സൈസ് പിടികൂടിയത്. വെള്ളിയാഴ്ച പുലര്ച്ചെ കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ വച്ചാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ വലിയപറമ്പ് കിഴക്കേപ്പറമ്പത്ത് അനീസ് മോൻ (22), ഇന്ത്യനൂർ ചെരടവീട്ടിൽ മുഹമ്മദ് റിഷാദ് (21), പുത്തൂർ കരിപ്പായിൽവീട്ടിൽ അബ്ദുൽ മജീദ് (24) എന്നിവരെ കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ അറസ്റ്റുചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളിൽനിന്ന് നാല് മൊബൈൽ ഫോണുകളും കഞ്ചാവ് വില്പന നടത്തിയ ഇനത്തിൽ ലഭിച്ച 28,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ തുനിയിൽനിന്നാണ് തീവണ്ടിമാർഗം കഞ്ചാവ് കുറ്റിപ്പുറത്തെത്തിച്ചത്. ഓട്ടോറിക്ഷയിൽ കോട്ടയ്ക്കൽ ഭാഗത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. ഇതിനുമുമ്പും ഒട്ടേറെത്തവണ വലിയതോതിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പിടിയിലായവർ സമ്മതിച്ചു. മുഹമ്മദ് റിഷാദാണ് കഞ്ചാവുകടത്തിലെ പ്രധാനി. ഇയാൾ ഇതിനുമുമ്പും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
വിദ്യാർഥികളും യുവാക്കളുമാണ് കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് മൊത്തവിതരണത്തിനായി കൂടുതൽ അളവിൽ കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായവർ പറഞ്ഞു. പ്രചാരണ പ്രവർത്തനങ്ങൾക്കിറങ്ങുന്നവർക്ക് ചില രാഷ്ട്രീയപ്പാർട്ടി നേതാക്കൾ കഞ്ചാവ് നൽകാറുണ്ടെന്നും പ്രതികൾ വെളിപ്പെടുത്തി. മാസത്തിൽ 100 കിലോ കഞ്ചാവോളം കോട്ടയ്ക്കൽ, പുത്തനത്താണി ഭാഗങ്ങളിൽ വില്പന നടത്താറുണ്ടെന്നും പ്രതികൾ സമ്മതിച്ചു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വില്പന വിപണിയിൽ 20 ലക്ഷത്തോളം രൂപ വിലവരും.
പ്രിവന്റീവ് ഓഫീസർമാരായ കെ. ജാഫർ, പി. ലതീഷ്, സി.ഇ.ഒ.മാരായ ഷിബുശങ്കർ, എ. ഹംസ, ജെ.എസ്. സജിത്ത്, മുഹമ്മദ് അലി, സാഗീഷ്, വിഷ്ണുദാസ്, മിനുരാജ്, രാജീവ്കുമാർ, എ.കെ. രഞ്ജിത്ത്, ടി.കെ. രജിത, ടി.കെ. ജ്യോതി, ദിവ്യ, ശിവകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here