എടയൂരിൽ 3000 കിലോ പഴകിയ മീൻ പിടികൂടി നശിപ്പിച്ചു
എടയൂർ: എടയൂരിൽ വച്ച് മൂവായിരം കിലോയോളം വരുന്ന പഴകിയ മീൻ പിടികൂടി നശിപ്പിച്ചു. ഇന്ന് വൈകീട്ട് എടയൂർ തിണ്ടലത്ത് നിന്നുമാണ് മീൻ പിടികൂടിയത്. വളാഞ്ചേരി മേഖലയിൽ ഈ മത്സ്യം വിതരണം ചെയ്തതായാണ് വിവരം. വർഷങ്ങളായി ഇവിടെ മൊത്തവിപണനകേന്ദ്രം നടത്തുന്ന പേരശനൂർ സ്വദേശി മോനു എന്നറിയപ്പെടുന്ന ഷാബിറിന്റെ ഉടമസ്ഥതയിലെ കേന്ദ്രത്തിലാണ് പരിശോധന നടന്നത്.
ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യത്തിന് 20 ദിവസത്തിലധികം പഴക്കമുണ്ട്. ചൂര വിഭാഗത്തിൽപെട്ട 95 പെട്ടി മത്സ്യമാണ് ഉണ്ടായിരുന്നത് യാതൊരു രേഖയുമില്ലാതെ ചെന്നൈയിൽ നിന്നെത്തിച്ച മത്സ്യമാണ് പിടികൂടിയത്. തിണ്ടലത്ത് വച്ച് ചെറുകിട വ്യാപാരികൾക്ക് വില്പന നടത്തുകയായിരുന്നു ഉദ്ദേശമെന്ന് പോലീസ് പറഞ്ഞു. യാത്രൊരു അനുമതിയുമില്ലാതെയാണ് ഇവിടെ വില്പന നടത്തിയിരുന്നത്. തിണ്ടലത്ത് മത്സ്യ വിപണത്തിന് എടയൂർ പഞ്ചായത്തിന്റെ അനുമതിയുമില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വളാഞ്ചേരി സബ് ഇൻസ്പെക്ടർ മുരളീകൃഷ്ണൻ, സി.പി.ഒ മാരായ അനീഷ്, അബ്ദു റഹ്മാൻ, ഹോം ഗാർഡ് ഷാജി, സ്പെഷ്യൻ ബ്രാഞ്ച് ഉദ്യോഗസ്ഥനായ നസീർ തിരൂർക്കാട്, ആരോഗ്യ വകുപ്പിൽ നിന്ന് വളാഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടർ ഷബീർ പാഷ, എടയൂരിലെ ഹെൽത്ത് ഇൻസ്പെക്ടർ എം.കെ ഷാജു എന്നിവർ സംയുക്തമായാണ് റെയ്ഡിന് നേതൃത്വം നൽകിയത്. എടയൂർ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മാസ്റ്റർ, വാർഡ് മെമ്പർ മോഹനകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. എടയൂർ പഞ്ചായത്ത് അധികൃതരുടെ നിർദേശപ്രകാരം മാവണ്ടിയൂർ പ്രദേശത്ത് പിടികൂടിയ മീൻ കുഴിയെടുത്ത് മൂടി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here