തിരൂരിൽ 40 കിലോ കഞ്ചാവ് പിടികൂടി; പ്രതി ഒളിവില്‍
തിരൂര്‍:ലക്ഷങ്ങളുടെ കഞ്ചാവ് പിടികൂടി പ്രതി ഒളിവില്‍. തിരൂര്‍ ആലത്തിയൂരിലെ ആലുങ്ങലില്‍ നിന്നുമാണ് തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇസ്‌പെക്ടര്‍ വി.സുമേഷിന്റെ നേതൃത്വത്തിലുളള സംഘം വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്.കേസിലെ മുഖ്യപ്രതി മുട്ടനൂര്‍ സ്വദേശി തൊട്ടിവളപ്പില്‍ നവാസ് (31)നെ പിടികൂടാന്‍ എക്‌സൈസ് സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ആലുങ്ങലിലെ വാടക ക്വോട്ടേഴ്‌സില്‍ നിന്നും നാല്‍പ്പത് കിലോ കഞ്ചാവാണ് അന്വേഷണ സംഘം കണ്ടെടുത്തത്. കഴിഞ്ഞ ദിവസം സംസ്ഥാന എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ പാലക്കാട് ജില്ലയിലെ തൃത്താലയില്‍ നിന്നും എന്‍പത് കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് മലപ്പുറം ജില്ലയിലേക്ക് കഞ്ചാവ് കടത്തിയ വിവരം എക്‌സൈസ് സംഘത്തിന് ലഭിക്കുന്നത്. തുടര്‍ന്ന് പൊന്നാനി, തിരൂര്‍ മേഖലകളില്‍ നടത്തിയ അന്വേഷണത്തിലാണ് ആലങ്ങുല്‍ കേന്ദ്രീകരിച്ച് വലിയ രീതിയില്‍ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി എക്‌സൈസ് സംഘം കണ്ടെത്തുന്നത്.
ഇതിനെ തുടര്‍ന്ന് കുറ്റിപ്പുറം, പരപ്പനങ്ങാടി എക്‌സൈസ് സംഘത്തിന്റെ സഹകരണത്തോടെ തിരൂര്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ കഞ്ചാവ് പിടികൂടിയത്. ചെറിയ 19 പാക്കറ്റുകളിലായി സൂക്ഷിച്ചുവെച്ചിരുന്ന നാല്‍പ്പതോളം കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ചെറുകിട വില്‍പ്പനക്കായാണ് വലിയ രീതിയില്‍ കഞ്ചാവ് ഇവിടെ ശേഖരിച്ചുവെച്ചിരുന്നത്.ലോക്ക്ഡൗണ്‍ കാലത്ത് ആന്ധ്രയില്‍ നിന്നും കൊണ്ടു വരുന്ന പച്ചക്കറികളുടെ മറവിലാണ് കഞ്ചാവ് കേരളത്തിലേക്ക് കണ്ടെത്തുന്നത്. ആന്ധ്രയിലെ നരസിംഹ പട്ടണത്തില്‍ നിന്നാണ് കഞ്ചാവ് സംസ്ഥാനത്തേക്ക് എത്തിക്കുന്നതെന്ന് എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജീവ്കുമാര്‍, പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ സാബു ചന്ദ്ര, തിരൂര്‍ എക്‌സൈസ് പ്രിവിന്റ് ഓഫീസര്‍മാരായ ലതീഷ്, രാഗേഷ്, പ്രിവിന്റ് ഗ്രേഡ് ഓഫീസര്‍ പി.പ്രശാന്ത് , ഡ്രൈവര്‍ പ്രമോദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here