കുറ്റിപ്പുറത്ത് നാലു വർഷത്തിനിടയിൽ പടിയിറങ്ങിയത് ആറു സെക്രട്ടറിമാർ
കുറ്റിപ്പുറം : ഭരണം നാലാംവർഷത്തിലേക്ക് പ്രവേശിച്ചപ്പോൾ കുറ്റിപ്പുറം പഞ്ചായത്തിൽനിന്ന് പടിയിറങ്ങിയത് ആറാമത്തെ സെക്രട്ടറി. മൂന്നു ദിവസം മുൻപാണ് നിലവിലുണ്ടായിരുന്ന സെക്രട്ടറി ഫിലിപ്പിന് പാലക്കാട്ടേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഈ ഭരണസമിതിയുടെ കാലയളവിൽ ഒരുവർഷത്തിലധികം പ്രവർത്തിച്ച സെക്രട്ടറി ഫിലിപ്പ് മാത്രമാണ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട 2200-ൽപ്പരം ഫയലുകളാണ് അദ്ദേഹം ചുമതലയേൽക്കുമ്പോൾ ഓഫീസിൽ വർഷങ്ങളായി തീർപ്പുകൽപ്പിക്കാതെ കെട്ടിക്കിടന്നിരുന്നത്. ഇതിൽ 450-ൽപ്പരം ഫയലുകൾ മാത്രമാണിപ്പോൾ ബാക്കിയുള്ളത്. ഇവിടെ പുതിയ സെക്രട്ടറിയെ നിയമിക്കുന്ന കാര്യത്തിൽ ഒരു വ്യക്തതയും ലഭിച്ചിട്ടില്ല. സെക്രട്ടറിയെ കൂടാതെ അക്കൗണ്ടന്റ്, കെട്ടിട വിഭാഗം ഓവർസിയർ, വി.ഇ.ഒ. എന്നിവർക്കും സ്ഥലംമാറ്റം ലഭിച്ചിട്ടുണ്ട്.
ഇവർക്ക് പകരം എത്തേണ്ട ഉദ്യോഗസ്ഥർ എന്നു വരുമെന്നതിലും വ്യക്തതയില്ല. കഴിഞ്ഞ ജൂലായിൽ ഒരേസമയം സെക്രട്ടറിക്കൊപ്പം സ്ഥലംമാറ്റം ഉണ്ടായത് ഏഴ് ജീവനക്കാർക്കുകൂടിയാണ്. സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാരുടെ അടിക്കടിയുള്ള സ്ഥലംമാറ്റം പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളെ താളംതെറ്റിക്കുന്നുണ്ട്. ഇതിനൊപ്പം ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും രേഖകളും ലഭിക്കാൻ ഏറെ കാലതാമസമുണ്ടാകുന്നു. ഇതുകാരണം പലപ്പോഴും മറുപടി പറയേണ്ടിവരുന്നത് അതത് വാർഡിലെ അംഗങ്ങൾകൂടിയാണ്. ദൂരദേശക്കാരായ ജീവനക്കാരെയാണ് കൂടുതലായും ഇവിടേക്ക് നിയമിക്കുന്നത്. ഇങ്ങനെയെത്തുന്നവർ പിറ്റേന്ന് മുതൽ തങ്ങൾക്കാവശ്യമുള്ള ഇടങ്ങളിലേക്ക് മാറാനുള്ള ശ്രമങ്ങളും തുടങ്ങും. യൂണിയനുകളുടെ സമ്മർദഫലമായി അത് വിജയിപ്പിച്ചെടുക്കുകയും ചെയ്യും. ഇത്തരത്തിൽ പെട്ടെന്ന് സ്ഥലംമാറ്റമുണ്ടാക്കുന്നതിനെ നേരിടാൻ നിയമനടപടികളിലേക്ക് നീങ്ങുമെന്ന് പഞ്ചായത്ത് ഭരണസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവടെയും ഒരു നീക്കവുമുണ്ടായിട്ടില്ല. സ്ഥലംമാറ്റം നേടിയെടുക്കുന്ന ഉദ്യോഗസ്ഥർക്ക് പകരമെത്തുന്ന ഉദ്യോഗസ്ഥരും നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. ഫയലുകൾ പലതും കാണാതാവുന്നതും നിലവിലെ അപേക്ഷകളിൽ നടപടികൾ സ്വീകരിക്കുന്നതിന് വിഷയം വീണ്ടും പഠിക്കേണ്ടിവരുന്നതും ഉദ്യോഗസ്ഥർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here