കോവിഡ് 19; മലപ്പുറം ജില്ലയിൽ 604 പേര്‍കൂടി നിരീക്ഷണത്തിൽ
മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ചൊവ്വാഴ്ച 604 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ജില്ലയിൽ ഇപ്പോൾ 9898 പേർ നിരീക്ഷണത്തിലും 29 പേർ ഐസൊലേഷനിലുമാണ്. 9851 പേർ വീടുകളിലും 18 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 19ഉം തിരൂർ ജില്ലാ ആശുപത്രിയിൽ ആറ്, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മൂന്നും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഒരാളും ഐസൊലേഷൻ വാർഡുകളിലാണ്.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഞ്ച് വൈറസ് ബാധിതരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന അറിയിച്ചു. ജില്ലയിൽനിന്ന് പരിശോധനക്കയച്ച സാമ്പിളുകളിൽ 302 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 66 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. വാർഡുകൾതോറുമുള്ള ദ്രുതകർമ സംഘങ്ങളുടേയും പൊലീസിന്റേയും നിരീക്ഷണം ഊർജിതമായി തുടരുകയാണ്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു. ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9497963336, 9497934346 നമ്പറുകളിൽ പൊലീസിന് വിവരങ്ങൾ കൈമാറാം. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പൊലീസിന്റെ സേവനം ആവശ്യമുണ്ടെങ്കിലും ഈ നമ്പറുകളിൽ വിളിക്കാം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here