ദേശീയപാത വികസനം: മലപ്പുറം ജില്ലയിൽ 63 ഹെക്ടർ കൂടി അധികമായി ഏറ്റെടുക്കും
മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിൽ 63 ഹെക്ടർ ഭൂമി കൂടി അധികമായി ഏറ്റെടുക്കും. ഭൂമിയേറ്റെടുക്കൽ ആക്ട് (എൽ.എ) വകുപ്പ് ത്രീ എ പ്രകാരമുള്ള നോട്ടിഫിക്കേഷനിൽ തെറ്റുകൾ സംഭവിച്ചതാണ് കാരണം. അധിക ഭൂമി ഏറ്റെടുക്കുന്നത് കേന്ദ്ര സർക്കാരിന്റെ എൽ.എ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. പൊന്നുംവില നോട്ടിഫിക്കേഷനിൽ ചില വില്ലേജുകൾ തെറ്റായി ഒഴിവാക്കപ്പെട്ടു. ഇവ തിരുത്തി കേന്ദ്ര മന്ത്രാലയത്തിന് സമർപ്പിച്ച ശുപാർശയ്ക്ക് അംഗീകാരം ലഭിക്കേണ്ടതുണ്ട്.
ഭൂമിയേറ്റെടുക്കലിലെ അന്തിമ നടപടിയായ ത്രീഡി വകുപ്പ് പ്രകാരമുള്ള നടപടിക്രമങ്ങൾ മാർച്ച് 31നകം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ജില്ലയ്ക്ക് സമാനമായി എതിർപ്പുകൾ നേരിടേണ്ടിവന്ന കോഴിക്കോട് ജില്ലയിൽ മാർച്ച് 15നകം നടപടികൾ പൂർത്തിയാക്കാനാണ് പദ്ധതി. പൊന്നുംവില നടപടികൾ മന്ദഗതിയിലായതാണ് കോഴിക്കോടിന് തടസമായത്. മറ്റു പല ജില്ലകളിലും അന്തിമനടപടികൾ ഏറെ മുന്നേറിക്കഴിഞ്ഞു. ജില്ലയിൽ ജനുവരി 31നകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക് കൈമാറാനാണ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ടീം ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതു സാദ്ധ്യമായില്ല. കഴിഞ്ഞ മാർച്ചിൽ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്.
ഭൂമിയേറ്റെടുക്കലിന്റെ ആദ്യഘട്ടത്തിൽ വലിയ പ്രക്ഷോഭങ്ങളുണ്ടായ എ.ആർ. നഗർ പഞ്ചായത്തിലെ അരീത്തോട് , വലിയ പറമ്പ്, ചേലേമ്പ്ര പഞ്ചായത്തിലെ ഇടിമുഴീക്കൽ എന്നിവിടങ്ങളിലുൾപ്പെടെ ആദ്യ അലൈൻമെന്റ് അനുസരിച്ച് തന്നെയാണ് ഭൂമിയേറ്റെടുക്കുന്നത്. ഭൂമിയേറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭമുണ്ടായ സ്ഥലങ്ങളിൽ ജനപ്രതിനിധികളും പൊതുജനങ്ങളും ബദൽ അലൈൻമെന്റുകൾ നിർദ്ദേശിച്ചിരുന്നെങ്കിലും ഇവ പ്രായോഗികമല്ലെന്ന റിപ്പോർട്ടാണ് ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാരിന് നൽകിയത്. ഭൂമിയേറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കി പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടും ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്.
76 കിലോമീറ്റർ ഭാഗത്താണ് ഇടിമുഴീക്കൽ മുതൽ പൊന്നാനി വരെയായി ദേശീയപാത വികസിപ്പിക്കുന്നത്. 212.5732 ഹെക്ടർ ഭൂമിയാണ് വികസനത്തിനായി നേരത്തെ ഏറ്റെടുക്കാൻ നിശ്ചയിച്ചിരുന്നത്. വിലനിർണ്ണയമടക്കം പൂർണ്ണം ഒക്ടോബറോടെ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രളയം കാരണം നീണ്ടു. നേരത്തെ അളന്ന് തിട്ടപ്പെടുത്തിയ സ്ഥലങ്ങളിലെ കെട്ടിടങ്ങൾ, മരങ്ങൾ, കാർഷിക വിളകൾ എന്നിവയുടെ കണക്കെടുത്തിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയുടെയും കെട്ടിടങ്ങൾ ഉൾപ്പെടെയുളള നിർമ്മിതികളുടെയും വില നിർണ്ണയിച്ച് ഉത്തരവായിട്ടുണ്ട്.
കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ 2012ലെ പ്ലിന്ത് ഏരിയ റേറ്റ് അടിസ്ഥാനമാക്കിയാണ് കെട്ടിടങ്ങൾക്കും മറ്റ് നിർമ്മിതികൾക്കും വില കണക്കാക്കുന്നത്. അതുകൊണ്ട് 2018ലേക്ക് ബാധകമായ 40 ശതമാനം വർദ്ധനവ് ലഭിക്കുമെന്ന് അധികൃതർ പറയുന്നു. വീട് അടക്കമുള്ള കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പും മരങ്ങളുടേത് സോഷ്യൽ ഫോറസ്ട്രിയും കാർഷിക വിളകളുടേത് കൃഷി വകുപ്പുമാണ് നിശ്ചയിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here