ആദരം ചിത്രമായി; ആദിലിനെത്തേടി ജൈസലെത്തി
എടക്കര ∙ വെള്ളത്തിൽ കമിഴ്ന്നുകിടന്ന് തന്റെ ശരീരം ചവിട്ടുപടിയാക്കി ലൈഫ് ബോട്ടിലേക്ക് ദുരിതബാധിരെ രക്ഷപ്പെടുത്തുന്ന തന്റെ ചിത്രം വരച്ച വിദ്യാർഥിയെത്തേടി ജൈസലെത്തി.
എടക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി വെസറ്റ് പെരുങ്കുളത്തെ വളപ്പൻ ഉമ്മറിന്റെ മകൻ ആദിൽ അർഷദിനെ തേടിയാണ് ട്രോമാകെയർ വൊളന്റിയറായ താനൂരിലെ ജൈസലെത്തിയത്.
പ്രളയകാലത്ത് ഏറെ ശ്രദ്ധനേടിയ ചിത്രവും വാർത്തയും വായിച്ചപ്പോൾ തോന്നിയ ആദരവാണ് ചിത്രം വരയ്ക്കാൻ ആദിലിനു പ്രേരണയായത്. പെൻസിൽ കൊണ്ട് വരച്ച ചിത്രം സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചത് ശ്രദ്ധയിൽപെട്ടതോടെയാണ് ജൈസൽ ആദിലിന്റെ വീടന്വേഷിച്ചെത്തിയത്. ആദിലിനു നൽകാൻ സമ്മാനവും കരുതിയിരുന്നു.
ട്രോമാകെയർ സെക്രട്ടറി പ്രദീഷും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. സ്കൂൾ ഡപ്യൂട്ടി ഹെഡ്മാസ്റ്റർ റസാഖ് എരഞ്ഞിക്കലിന്റെ നേതൃത്വത്തിൽ ജൈസലിനെ അനുമോദിച്ചാണ് നാട്ടുകാർ യാത്രയാക്കിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here