മലപ്പുറം ജില്ലയിലെ കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ച് ഉത്തരവായി
മലപ്പുറം ∙ വാദപ്രതിവാദങ്ങൾക്കൊടുവിൽ ജില്ലയിലെ 3 സർക്കാർ കോളജുകളിലും പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. ഈ അധ്യയനവർഷം തന്നെ ക്ലാസുകൾ ആരംഭിക്കും. പെരിന്തൽമണ്ണ പിടിഎം ഗവ. കോളജിൽ എംഎസ്‍സി ഫിസിക്സ് (12 സീറ്റുകൾ), ബിഎസ്‍സി കെമിസ്ട്രി (30 സീറ്റ്), കൊണ്ടോട്ടി ഗവ. കോളജിൽ എംഎ ഇംഗ്ലിഷ് (20 സീറ്റ്), എംഎസ്‍സി മാത്‍സ് (12 സീറ്റ്), മലപ്പുറം ഗവ. കോളജിൽ എംഎ ഹിസ്റ്ററി (20 സീറ്റ്), എംഎസ്‍സി ഫിസിക്സ് (12 സീറ്റ്) എന്നീ കോഴ്സുകൾ ആരംഭിക്കാനാണ് അനുമതി നൽകിയത്.
ജില്ലയിലെ കോളജുകളിൽ പുതിയ ബിരുദ, പിജി കോഴ്സുകൾ അനുവദിച്ചെന്ന പ്രഖ്യാപനം കഴിഞ്ഞ സെപ്റ്റംബർ 1ന് ആണ് മന്ത്രി കെ.ടി.ജലീൽ നടത്തിയത്. എന്നാൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പാഴ്പ്രഖ്യാപനം മാത്രമാണിതെന്നായിരുന്നു എംഎസ്എഫ്, കെഎസ്‌യു തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ ആരോപണം. കഴിഞ്ഞ ജൂലൈയിൽ സംസ്ഥാനത്തെ വിവിധ കോളജുകളിൽ പുതിയ കോഴ്സുകൾ ഉന്നതവിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിരുന്നു. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിൽ കോഴ്സുകൾ ഒന്നും അനുവദിച്ചില്ലെന്ന വിമർശനങ്ങൾക്കിടെയായിരുന്നു കെ.ടി.ജലീലിന്റെ പ്രഖ്യാപനം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here