വളാഞ്ചേരിയിൽ നിന്ന് സൈക്കിളിൽ ഒറ്റക്കൊരു കാശ്മീർ യാത്ര
അറുപത് ദിവസം കൊണ്ട് പത്ത് സംസ്ഥാനങ്ങളിലൂടെ 4200 കിലോമീറ്റർ പിന്നിട്ട് സൈക്കിളിലൊരു ഒറ്റയാൻ സവാരി. വളാഞ്ചേരി സ്വദേശിയായ യുവാവാണ് കേരളാ ടൂ കാശ്മീർ എന്ന ടൈറ്റിലിൽ തന്റെ സ്വപ്നസവാരിക്കിറങ്ങിയത്..
വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശിയും സഞ്ചാരപ്രിയനുമായ പരവക്കൽ നൗഫലിന്റെ പ്രഥമ സൈക്കിൾ ദൗത്യമാണിത്. അദ്ധ്വാനത്തിൽ നിന്ന് മിച്ചം പിടിച്ച നാണയത്തുട്ടുകൾ ഒരുക്കൂട്ടി വെച്ച് മേടിച്ച സൈക്കിളിൽ ഒരു കൗതുക സവാരി നടത്തണമെന്ന ഏറെക്കാലത്തെ ആഗ്രഹമാണ് ഇപ്പോൾ യാദാർത്ഥ്യമായത്. സൈക്കിൾ സവാരിയെങ്കിൽ അത് വെള്ളപ്പുതപ്പണിഞ്ഞ് മഞ്ഞിൽ കുളിച്ചുകിടക്കുന്ന സ്വർഗഭൂമി തന്നെയാകണമെന്ന ആഗ്രഹമാണ് കാശ്മീർ തെരഞ്ഞെടുക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.
മണ്ണും പരിസരവും മലിനമാക്കുന്ന പൊതുശീലത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും അതിനായി പരിസ്ഥിതി സൗഹൃദവും ലഹരി വിരുദ്ധ ബോധവൽക്കരണവും എന്ന ലക്ഷ്യം കൂടി തന്റെ സൈക്കിൾ സവാരിക്കുണ്ടെന്ന് ഈ യുവാവ് സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യമുള്ള ശരീരത്തിന് സൈക്കിൾ യാത്ര ശീലമാക്കുക എന്നൊരു സന്ദേശം കൂടി ഈ യാത്രക്കുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
ഇന്ന് (നവംബർ 15 വ്യാഴം) രാവിലെ ഒമ്പത് മണിയോടെയാണ് സവാരിക്ക് തുടക്കമായത്. മംഗലാപുരം, ഗോവ, മുംബൈ, സൂറത്ത്, അഹമ്മദാബാദ്, അജ്മീർ, ജെയ്പൂർ, ആഗ്ര, ദില്ലി, ഷിംല, മണാലി, ജമ്മു എന്നീ നഗരങ്ങൾ പിന്നിട്ട് ജനുവരി പതിനഞ്ചോടെ ഫിനിഷിംഗ് പോയിന്റ് ആയ ശ്രീനഗറിൽ എത്തിച്ചേരും വിധമാണ് ഇദ്ദേഹം തന്റെ സവാരി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
രാവിലെ ഒമ്പതു മണിക്ക് വളാഞ്ചേരി ടൗണിൽ കോഴിക്കോട് റോഡിൽ നടന്ന ലളിതമായ ചടങ്ങിൽ പോലീസ് സബ് ഇൻസ്പെക്ടർ കാർത്തികേയൻ ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് സൈക്കിൾ സവാരിക്ക് തുടക്കമായത്. അഡീഷണൽ സബ് ഇൻസ്പെക്ടർ കെ. ശശി, സി.പി.ഒ എം. കൃഷ്ണപ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു. വളാഞ്ചേരി പൈങ്കണ്ണൂരിലെ പരവക്കൽ അബ്ദുൽ ഹമീദിന്റെ മകനാണ് ഇരുപത്തിരണ്ടുകാരനായ നൗഫൽ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here