മന്ത്രി ജലീലിന്റെ ഭാര്യയുടെ നിയമനം ചട്ടം ലംഘിച്ചെന്നതിനു കൂടുതൽ തെളിവുകളുമായി യൂത്ത് കോൺഗ്രസ്
വളാഞ്ചേരി: മന്ത്രി കെ.ടി.ജലീലിന്റെ ഭാര്യ എൻ.പി.ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായി നിയമിച്ചത് ചട്ടലംഘനമാണെന്നിനു കൂടുതൽ തെളിവുകളുമായി യൂത്ത് കോൺഗ്രസ്. സീനിയോറിറ്റി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി ഡയറക്ടറുടെ ഉത്തരവുകൾ അട്ടിമറിച്ചാണു ഫാത്തിമക്കുട്ടിയെ നിയമിച്ചത്. നിയമനത്തിന് മുന്നോടിയായി ഹയർ സെക്കൻഡറി റീജനൽ ഡയറക്ടർ അംഗീകരിച്ച സീനിയോറിറ്റി ലിസ്റ്റ് പുറത്തിറക്കണമെന്നാണ് ചട്ടമെങ്കിലും അതുണ്ടായില്ലെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂർ ആരോപിച്ചു.
ഫാത്തിമക്കുട്ടിയുടെ നിയമനവുമായി ബന്ധപ്പെട്ട് സ്കൂളിലെ അധ്യാപകരാരും ആക്ഷേപമോ പരാതിയോ ഉന്നയിച്ചിട്ടില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണ്. സ്കൂളിലെ 4 അധ്യാപകർ മാനേജർക്കും ഹയർ സെക്കൻഡറി റീജനൽ ഡയറക്ടർക്കും രേഖാമൂലം പരാതി നൽകിയിരുന്നു. തുടർന്ന് ഹിയറിങ്ങും നടത്തി. ഇക്കാര്യത്തിൽ ഇതുവരെ അധ്യാപകർക്കു മറുപടി നൽകാൻ വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു.
2016 മേയ് 1ന് ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലായി നിയമിച്ച സംഭവമാണു വിവാദമായത്. വി.കെ.പ്രീത എന്ന അധ്യാപികയ്ക്കും പ്രിൻസിപ്പൽ തസ്തിയിലേക്ക് സീനിയോറിറ്റിയിൽ തുല്യ യോഗ്യതയായിരുന്നു. ഒരേ സീനിയോറിറ്റിയുള്ള 2 പേർ ഉണ്ടായാൽ നിയമനത്തിനു ജനനത്തീയതി മാനദണ്ഡമാക്കണമെന്ന ചട്ടം മന്ത്രിയുടെ ഭാര്യയ്ക്കുവേണ്ടി ലംഘിച്ചെന്നാണ് ആരോപണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here