HomeNewsBusinessമേൽക്കൂര നൽകൂ, സൗരോർജം സ്വന്തമാക്കൂ

മേൽക്കൂര നൽകൂ, സൗരോർജം സ്വന്തമാക്കൂ

solar

മേൽക്കൂര നൽകൂ, സൗരോർജം സ്വന്തമാക്കൂ

മലപ്പുറം: ആഗോളതാപനംകുറച്ച് ഊർജസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയും അനർട്ടും ചേർന്ന് നടപ്പാക്കുന്ന ‘സൗര’ പദ്ധതി കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. വീടിന്റെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾ നൽകാൻ തയ്യാറായാൽ വൈദ്യുതി വകുപ്പ് സോളാർ പ്ലാന്റ് സ്ഥാപിച്ച് നൽകും. ഇതിൽനിന്ന് സൗജന്യമായും ആദായ നിരക്കിലും വൈദ്യുതി നൽകും. മേൽക്കൂര സൗരോർജ പദ്ധതിക്കായുള്ള രജിസ്ട്രേഷൻ ദീർഘിപ്പിച്ചു.

ഉപഭോക്താക്കൾക്കായി ആകർഷമായ സാമ്പത്തിക പാക്കേജും ആവിഷ്കരിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ കെഎസ്ഇബിയുടെ ചെലവിൽ സൗരനിലയം സ്ഥാപിക്കുന്ന പദ്ധതിയാണ് പ്രധാനം. ഈ സൗരനിലയത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യതിയുടെ നിശ്ചിത ശതമാനം സൗജന്യമായി കെട്ടിട ഉടമക്ക് നൽകാം‌. അല്ലെങ്കിൽ ഇവിടെ ഉണ്ടാക്കുന്ന വൈദ്യുതി ദീർഘകാലത്തേക്ക് നിശ്ചിത നിരക്കിൽ കെട്ടിട ഉടമക്ക് കൊടുക്കാം. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സംരംഭകന്റെ ചെലവിൽ കെഎസ്ഇബി സൗരനിലയം സ്ഥാപിക്കുന്ന പദ്ധതിയുമുണ്ട്. ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂർണമായോ നിശ്ചിത നിരക്കിൽ കെഎസ്ഇബി വാങ്ങുകയോ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും സംരംഭകന് ഉപയോഗിക്കുകയോ ചെയ്യാം. ഈ രണ്ട് മാതൃകകളുടെയും പരിപാലനവും അറ്റകുറ്റപ്പണികളും കെഎസ്ഇബി നിർവഹിക്കും.saura-kseb

പദ്ധതിയിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. കെഎസ്ഇബിയുടെ മേൽനോട്ടത്തിലോ വീടിന്റെ ടെറസുകളിൽ ഉപഭോക്താക്കൾക്ക് നേരിട്ടോ പദ്ധതി നടപ്പാക്കി വരുമാനംനേടാം. മഞ്ചേരി സർക്കിൾ ഓഫീസിനുകീഴിലെ മഞ്ചേരി, കൊണ്ടോട്ടി, പെരിന്തൽമണ്ണ ഡിവിഷൻ പരിധിയിൽ ആകെ 30 മെഗാവാട്ട് സൗരോർജ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. കെഎസ്ഇബിയുമായി ഉടമ്പടി വയ്ക്കണം. പണം ഉപഭോക്താവുതന്നെ മുടക്കുകയാണെങ്കിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും ഉപഭോക്താവ് എടുക്കുകയോ, ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് കെഎസ്ഇബിക്ക് വിൽക്കുകയോ ചെയ്യാം. അഞ്ചരവർഷംകൊണ്ട് മുടക്കുമുതൽ തിരികെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഒരു കിലോവാട്ട് ശേഷിയുടെ സോളാർ നിലയം സ്ഥാപിക്കാൻ 50,000 –60,000 രൂപയാണ് ചെലവുവരിക. 10 കിലോവാട്ട് വരെ ശേഷിയുള്ളത് സ്ഥാപിക്കുമ്പോൾ ഒരു കിലോവാട്ടിന് 60,000 രൂപ പ്രകാരവും 10നുമുകളിൽ കിലോവാട്ട് ശേഷിയുള്ളത് സ്ഥാപിക്കുമ്പോൾ ഒരു കിലോവാട്ടിന് 50,000 രൂപ പ്രകാരവുമാണ് കണക്കാക്കുന്നത്. രണ്ട് കിലോവാട്ട് മുതലാണ് അനുവദിക്കുക. 200 ചതുരശ്രയടി സ്ഥലം വേണം. സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്സിഡികൾ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടുലഭിക്കും. ചെറിയ വീടിന് ശരാശരി രണ്ട് കിലോവാട്ടും വലിയതിന് അഞ്ച് കിലോവാട്ടും വൈദ്യുതി പ്രതിദിനം വേണ്ടിവരുമെന്നാണ് കണക്ക്. കെഎസ്ഇബിയുടെ മേൽനോട്ടത്തിലുള്ള പദ്ധതിയായതിനാൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവൻ നേരിട്ട് പവർ ഗ്രിഡിലേക്കാണ് പോവുക. ഉപഭോക്താവിന് ബോർഡിൽ നിന്ന് വൈദ്യുതി ലഭിക്കുന്നതിനാൽ നിർബാധം വൈദ്യുതി കിട്ടും. പദ്ധതിയിൽ www.kseb.in വഴി ഓൺലൈനായി രജിസ്റ്റർചെയ്യാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!