കുട്ടികൾ വാശിപിടിച്ച് കരയട്ടെ; എങ്കിലും അവർക്ക് സ്മാർട്ട്ഫോൺ കൊടുക്കല്ലെ!
കുഞ്ഞൊന്ന് കരഞ്ഞാലും ഭക്ഷണം കഴിപ്പിക്കാനും രക്ഷിതാക്കള്‍ക്ക് അല്പം സ്വസ്ഥമായി മറ്റെന്തെങ്കിലും ചെയ്യാനുമെല്ലാം കുട്ടികള്‍ക്ക് മൊബൈല്‍ ഫോണില്‍ വീഡിയോ കാണിക്കുന്നവര്‍ ധാരാളമാണ്. ഇങ്ങനെ അഞ്ചുവയസ്സില്‍താഴെയുള്ളവര്‍ക്ക് മുന്നില്‍ ടി.വി.യും കംപ്യൂട്ടറും മൊബൈലും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സ്‌ക്രീനില്‍ ചിത്രീകരണങ്ങള്‍ കാണിക്കുന്നതിന് ലോകാരോഗ്യ സംഘടന (ഡബ്‌ള്യു.എച്ച്.ഒ.) മാര്‍ഗനിര്‍ദേശം കൊണ്ടുവന്നു.
ഒരു വയസ്സില്‍താഴെയുള്ള കുട്ടികളെ ഇത്തരം ഇലക്ട്രോണിക് സ്‌ക്രീനുകള്‍ കണിക്കാനേ പാടില്ലെന്നും അതിന് മുകളില്‍ അഞ്ചുവയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഒരു മണിക്കൂര്‍വരെയും മാത്രമേ വീഡിയോ പ്രദര്‍ശിപ്പിക്കാവൂ എന്നതാണ് നിര്‍ദേശം.
കുട്ടികള്‍ കളിച്ചും ഉറങ്ങിയും അവരുടെ കായികക്ഷമതയും ബുദ്ധിശക്തിയും നിലനിര്‍ത്തട്ടേയെന്നും ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇതു സഹായകമാകുമെന്നും സംഘടന നിര്‍ദേശിച്ചു. ആദ്യമായാണ് ഡബ്ല്യു.എച്ച്.ഒ. ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.
ഒന്നുമുതല്‍ നാലുവയസ്സുവരെയുള്ള കുട്ടികള്‍ ദിവസത്തില്‍ മൂന്നുമണിക്കൂറെങ്കിലും കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഒരു വയസ്സില്‍ താഴെയുള്ളവര്‍ തറയില്‍ ഇരുന്നുകളിക്കട്ടെ, അവരുടെ സാന്നിധ്യത്തില്‍നിന്ന് എല്ലാത്തരം ഇലക്ട്രോണിക് സ്‌ക്രീനുകളും ഒഴിവാക്കപ്പെടണം. ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പഠനങ്ങളില്‍നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യു.എച്ച്.ഒ. മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here