ജി-വാഗണ്‍ കുതിപ്പ് ഇനി കേരളത്തിലും; കേരളത്തിലെ ആദ്യ ബെന്‍സ് ജി-63 എഎംജി മലപ്പുറത്ത്
മെഴ്സിഡസ് ബെൻസിന്റെ അത്യാഡംബര വാഹനമായ ജി-വാഗൺ എസ്യുവി ഇന്ത്യയിൽ വളരെ വിരളമാണ്. ഇന്ത്യയിലെ ബിസിനസ് രാജാവ് മുകേഷ് അംബാനിയും, ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയ്ക്കും സ്വന്തമായുള്ള ഈ വാഹനം ഇപ്പോൾ മലപ്പുറത്തും എത്തിയിരിക്കുകയാണ്.
അജ്ഫാൻ ഗ്രൂപ്പ് ചെയർമാൻ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയായ നെച്ചിക്കാട്ട് മുഹമ്മദ് കുട്ടിയാണ് ബെൻസ് ജി-വാഗൺ ജി63 എന്ന ആഡംബര എസ്യുവിയുടെ ഏറ്റവും പുതിയ പതിപ്പ് കേരളത്തിലെത്തിച്ചിരിക്കുന്നത്. മുഹമ്മദ് കുട്ടിയുടെ ദീർഘകാലത്തെ സ്വപ്ന സാക്ഷാത്കാരമാണ് ഈ വാഹനം. ജർമനിയിൽ നിന്നാണ് അദ്ദേഹത്തിനുള്ള വാഹനം എത്തിയത്. ജർമനിയിൽ നിന്ന് വിമാനമാർഗം പുണെയിലേക്കും അവിടെനിന്ന് കരിപ്പൂരിലേക്കുമാണ് വാഹനം എത്തിയത്. കേരളത്തിലെ നിരത്തുകളിൽ മൂന്ന് കോടിക്ക് മുകളിലാണ് ഈ വാഹനത്തിന്റെ വില.
ചെറുപ്പം മുതൽ തന്നെ വാഹനം തനിക്കൊരു ഹരമാണെന്നും, ഈ വാഹനം സ്വന്തമാക്കണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നെന്നുമാണ് അദ്ദേഹം പറയുന്നത്. വാർത്തകളിലുടെയാണ് ആദ്യമായി ഈ വാഹനത്തെ കുറിച്ച് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാല് ലിറ്ററിന്റെ വി8 ബൈ ടർബോ എൻജിനാണ് ജി63-ക്ക് കരുത്ത് പകരുന്നത്. 585 എച്ച്പി പവറും 850 എൻഎം ടോർക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.5 സെക്കന്റ് മതിയെന്നതാണ് മറ്റൊരു പ്രത്യേകത.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here