വാഹനം ഇടിച്ചുവെന്നാരോപിച്ച് പുറമണ്ണൂർ സ്വദേശിക്ക് ക്രൂര മർദ്ദനം
വളാഞ്ചേരി: താൻ ഓടിച്ചിരുന്ന കാർ തട്ടിയെന്നാരോപിച്ച് പുറമണ്ണൂർ സ്വദേശിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പുറമണ്ണൂർ സ്വദേശിയായ തറക്കല് വീട്ടില് അബ്ദുല്റഹ്മാനാണ് സാരമായ പരിക്കുകളോടെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
തിരൂരിൽ നിന്ന് സ്വദേശമായ വളാഞ്ചേരിയിലേക്ക് കാറിൽ വരികയായിരുന്ന ഇദ്ദേഹം മുന്നിൽ സഞ്ചരിക്കുകയായിരുന്ന ഇന്നോവയിലെ യാത്രക്കാരോട് ആ വാഹനത്തിലെ ഒരു ഡോർ അടച്ചിട്ടില്ലെന്ന് അറിയിക്കുകയും കടന്നു പോകുകയുമായിരുന്നു. പെട്ടെന്ന് തന്നെ യാതൊരു പ്രകോപനവും കൂടാതെ ഇവർ അബ്ദുൾ റഹ്മാന്റെ കാറിനെ ഇന്നോവ കുറുകെയിട്ട് തടഞ്ഞ ശേഷം എന്തിന് വാഹനം ഇടിച്ചു എന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു എന്ന് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കല്ലുകൾ ഉപയോഗിച്ച് തലക്ക് അടിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴിഞ്ഞ് മാറിയതിനാലാണ് തന്റെ കണ്ണിൽ കൊണ്ടത്.
പ്രദേശത്ത് ഈ സമയത്ത് ആരുമുണ്ടായിരുന്നില്ലെന്നും ബഹളം കണ്ട് അല്പസമയം കഴിഞ്ഞ് അതുവഴി വന്ന ബൈക്ക് യാത്രക്കാരും പ്രദേശവാസികളും ചേർന്നാണ് തന്നെ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് എന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ കൂടിയതോടെ നാട്ടുകാരെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ച് ഭയപ്പെടുത്തി സ്ഥലത്തു നിന്നും കടന്നു കളയുകയായിരുന്നു. ഇവർ നാലുപേരാണുണ്ടായിരുന്നതെന്നും എല്ലാവരും മദ്യപിച്ചിരുന്നതായും അബ്ദുൽ റഹ്മാൻ പറഞ്ഞു. കടന്നു കളഞ്ഞ വാഹനത്തെയും അതിലുണ്ടായിരുന്നവരെയും വളാഞ്ചേരിയിലും പാണ്ടികശാലയിലും വച്ച് പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here