വളാഞ്ചേരി നഗരസഭയ്ക്കെതിരേ സി.പി.എം. പ്രക്ഷോഭത്തിന്
വളാഞ്ചേരി: നഗരസഭാ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ അടിമുടി അഴിമതിയിൽ മുങ്ങിയതാണെന്നാരോപിച്ച് സി.പി.എം. വളാഞ്ചേരി ലോക്കൽകമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. വിപണനകേന്ദ്രത്തിന്റെ പേരിൽ നിത്യമാർക്കറ്റിലെ വ്യക്തികൾക്ക് വഴിക്കായി പാരിതോഷികംവാങ്ങി ഭരണസമിതി മതിൽ പൊളിച്ചുനീക്കാനുള്ള നടപടി സ്വീകരിച്ചതാണ് ഒടുവിലത്തെ അഴിമതിയെന്ന് സി.പി.എം. ആരോപിക്കുന്നു.
നഗരത്തിലെ മത്സ്യമാർക്കറ്റ് വ്യക്തിതാത്പര്യപ്രകാരം മീമ്പാറയിൽ തുടങ്ങിയതിന് പിറകിലും വലിയ അഴിമതി നടന്നതായി ഇവർക്ക് ആക്ഷേപമുണ്ട്. ബസ്സ്റ്റാൻഡിൽ കക്കൂസ് മാലിന്യം പൊട്ടിയൊലിച്ച് യാത്രക്കാരും പൊതുജനങ്ങളും പ്രയാസപ്പെടുന്നത് ഭരണസമിതിയംഗങ്ങൾ അവഗണിക്കുകയാണെന്നും നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരംകാണാൻ നടപടിയെടുക്കുന്നില്ലെന്നും സി.പി.എം. കുറ്റപ്പെടുത്തി.
പൊതുജനങ്ങളെ ദ്രോഹിക്കുന്ന നഗരസഭയുടെ പ്രവൃത്തികൾക്കെതിരേ പ്രക്ഷോഭത്തിനിറങ്ങുകയാണെന്ന് ലോക്കൽ സെക്രട്ടറി എൻ. വേണുഗോപാലൻ, നഗരസഭ പ്രതിപക്ഷനേതാവ് ടി.പി. അബ്ദുൾഗഫൂർ, ടി.പി. രഘുനാഥ്, ഇ.പി. അച്യുതൻ, കെ.പി. യാസർ അറാഫത്ത് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here