കൊടികുത്തിമലയിൽ അതിക്രമിച്ചു കയറിയ പൈങ്കണ്ണൂർ സ്വദേശികളായ നാലുപേർ പിടിയിൽ
പെരിന്തൽമണ്ണ: വിനോദസഞ്ചാരകേന്ദ്രമായ കൊടികുത്തിമലയിൽ വിലക്കുലംഘിച്ച് കയറിയ നാലുപേരെ വനംവകുപ്പ് അറസ്റ്റ്ചെയ്തു. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശികളായ പി.പി. ശരത്ത് (23), ടി.പി. ജിതേഷ് (23), പി.സി. സജീവ് (30), ടി.പി. സജിൻ (23) എന്നിവരെയാണ് കാളികാവ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി. സുരേഷ് അറസ്റ്റ്ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് യുവാക്കളുടെ സംഘം മലയിലെത്തിയത്. പ്രളയസമയത്ത് മണ്ണിടിച്ചിലുണ്ടായതിനാലും ഇപ്പോൾ നടക്കുന്ന ഇക്കോ ടൂറിസം പ്രവൃത്തികളുടെ ഭാഗമായും മൂന്നുമാസത്തോളമായി കൊടികുത്തിമലയിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച മുന്നറിയിപ്പുകൾ വകവെക്കാതെ മറ്റൊരുവഴിയിലൂടെ യുവാക്കൾ മലയിലെത്തുകയായിരുന്നുവെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.
ഇരുട്ടിയതോടെ തിരിച്ചിറങ്ങാൻ വഴിയറിയാതെ യുവാക്കൾ മലയിൽപ്പെട്ടു. വിവരമറിഞ്ഞ് പെരിന്തൽമണ്ണ പോലീസും അഗ്നിരക്ഷാസേനയും ട്രോമാകെയർ സംഘവും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനത്ത മഴയ്ക്കും കോടമഞ്ഞിനുമിടയിൽ യുവാക്കൾ മഴക്കോട്ട് ധരിച്ചിരുന്നതിനാലാണ് അപകടമില്ലാതെ രക്ഷപ്പെട്ടതെന്ന് വനം ഉദ്യോഗസ്ഥർ പറയുന്നു. തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ ഇവരെ അറസ്റ്റ്ചെയ്ത് ജാമ്യത്തിൽ വിട്ടു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ യു. സുരേഷ്കുമാർ, ലാൽ വി. നാഥ്, ബീറ്റ് ഓഫീസർമാരായ വൈ. മുത്തലി, വി.എ. വിനോദ്, പി. നിസാർ എന്നിവരാണ് വനംവകുപ്പ് സംഘത്തിലുണ്ടായിരുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here