സുരക്ഷാഭീഷണി; അബ്ദുല്‍നൂറിനെ തെളിവെടുപ്പിനെത്തിച്ചില്ല
കോടികളുടെ നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍ നൂറിനെ സുരക്ഷാ ഭീഷണിമൂലം അന്വേഷണസംഘം വെള്ളിയാഴ്ച തെളിവെടുപ്പിനായി കുറ്റിപ്പുറത്തെത്തിച്ചില്ല.
പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ വെള്ളിയാഴ്ച കുറ്റിപ്പുറത്ത് യോഗം ചേര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിയുമായി എത്തിയാല്‍ സുരക്ഷാപ്രശ്നങ്ങളുണ്ടാകുമെന്നതിനാലാണ് തെളിവെടുപ്പ് അടുത്തദിവസത്തേയ്ക്ക് മാറ്റിയത്. കസ്റ്റഡി കാലാവധി ഞായറാഴ്ച പൂര്‍ത്തിയാകുന്നതിനാല്‍ ശനിയാഴ്ചതന്നെ കുറ്റിപ്പുറത്തെത്തിച്ച് തെളിവെടുക്കുമെന്നാണ് അന്വേഷണസംഘം അറിയിച്ചിട്ടുള്ളത്.
കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സി.ഐ. എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ അബ്ദുല്‍നൂറിനെ ചോദ്യംചെയ്ത് വരികയാണ്. ചോദ്യം ചെയ്യല്‍ ശനിയാഴ്ചയോടുകൂടി പൂര്‍ത്തിയാകും. ബിനാമികളുടെ പേരുകള്‍ നൂര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ അവരെക്കൂടി കേസില്‍ പ്രതിചേര്‍ത്തേയ്ക്കുമെന്നാണ് സൂചന. അതിനിടെ ചില ബിനാമികള്‍ നേരിട്ട് പരാതിക്കാരുമായി ബന്ധപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
നിക്ഷേപകരില്‍നിന്ന് പിടിച്ചെടുത്ത പണം എന്തിനാണ് വിനിയോഗിച്ചതെന്ന കാര്യമാണ് പ്രധാനമായും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. ആഡംബര ജീവിതം നയിച്ചതിനുശേഷം ബാക്കിവരുന്ന പണം വിശ്വസ്തരുടെ ബിസിനസില്‍ മുതല്മുടക്കുകയായിരുന്നുവെന്നാണ് നൂര്‍ അന്വേഷണസംഘത്തോട് പറഞ്ഞിട്ടുള്ളത്. ചിലര്‍ക്ക് പണം നല്‍കിയതിന് മാത്രമാണ് നൂറിന്റെ കയ്യില്‍ രേഖകളുള്ളൂവെന്നാണ് വിവരം. പ്രസ്തുത രേഖകള്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കാണ് നൂര്‍ നീക്കം നടത്തുന്നതെന്നും വിവരമുണ്ട്.
2008 നവംബര്‍ 12നാണ് കുറ്റിപ്പുറം തിരൂര്‍ റോഡിലുള്ള ഷാന്‍ എന്റര്‍പ്രൈസസ് സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി അബ്ദുല്നൂറിനേയും സഹായികളേയും അറസ്റ്റുചെയ്തത്. ജാമ്യത്തിലിറങ്ങിയ അബ്ദുല്‍ നൂര്‍ വിദേശത്തേയ്ക്ക് കടന്നതോടെയാണ് പണം നിക്ഷേപിച്ചവര്‍ പരാതിയുമായി രംഗത്തെത്തിയത്.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷം പുതിയതായുള്ള പരാതിയില്‍ നൂറിന്റെ സഹായികള്‍ വീണ്ടും അറസ്റ്റിലായിരുന്നു. അതിനുശേഷമാണ് സപ്തംബര്‍ നാലിന് ഇന്ത്യയിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന അബ്ദുല്‍ നൂര്‍ 29ന് തിരൂര്‍ കോടതിയില്‍ കീഴടങ്ങിയത്. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന അബ്ദുല്‍നൂറിന്റെ സഹായികളുടെ ജാമ്യാപേക്ഷ മഞ്ചേരി കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
Summary:Due to security reasons, the prime accused in kuttippuram investment scam Abdul noor was not brought to the scene of crime
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here