എഇഎംഎയുപി സ്കൂൾ മൂർക്കനാടിന്റെ നേതൃത്വത്തിൽ ടറഫ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
മൂർക്കനാട് : ഫുട്ബോൾ പ്രേമികളായ മൂർക്കനാടിന്റെ കുരുന്നുകൾക്ക് ഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുക്കി മൂർക്കനാട് എഇഎംഎയുപി സ്കൂളിലെ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ടറഫ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഓണപ്പുട എലൈറ്റ് ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ന് ടൂർണമെന്റ് സംഘടിപ്പിച്ചത്. മൂർക്കാനാടിന്റെ അക്ഷരമുറ്റമായ പടിഞ്ഞാറ്റുംപുറം എഇഎംഎയുപി സ്കൂളിലെ വിദ്യാർഥികളാണ് വാശിയേറിയ ഫുട്ബോൾ ടൂർണമെന്റിൽ മാറ്റുരച്ചത്. ടൂർണമെന്റിന് മുന്നോടിയായി വിദ്യാലയത്തിൽ വെച്ച് കുട്ടികൾക്ക് ഫുട്ബോൾ പരിശീലനവും മറ്റും നൽകിയിരുന്നു. പരിശീലന പരിപാടികളുടെ ഭാഗമായി നടന്ന പ്രാഥമിക മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത നാല് ടീമുകളാണ് ഇന്ന് ഓണപ്പുട എലൈറ്റ് സ്റ്റേഡിയത്തിൽ കപ്പിന് വേണ്ടി മത്സരിച്ചത്. കാൽപന്ത് കളിയുടെ ആവേശം ഉയർത്തിയ കളികൾക്കൊടുവിൽ വിദ്യാലയത്തിലെ 7c ക്ലാസിലെ വിദ്യാർത്ഥികൾ വിജയ കിരീടം ചൂടി. വാശിയേറിയ ഫൈനൽ മത്സരത്തിൽ 7d ക്ലാസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് 7c ക്ലാസ് വിദ്യാർത്ഥികൾ വിജയം കൈവരിച്ചത്.
ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടന്ന സമാപന പരിപാടിയിൽ കൊളത്തൂർ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശിവദാസൻ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. മൂർക്കനാട് പഞ്ചായത്തിലെ ഒരു പൊതുവിദ്യാലയം ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ടറഫ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു കാണുന്നത് എന്നും, വിദ്യാലയങ്ങളിൽ മികച്ച കായിക സംസ്കാരം ഉണ്ടാവേണ്ടതാണ് എന്നും, അച്ചടക്കത്തോടെയും മികച്ച സൗഹൃദ അന്തരീക്ഷത്തിലും ഇത്തരം ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുകയും ചെയ്ത വിദ്യാലയത്തിനെയും വിദ്യാർത്ഥികളെയും ഇതിന് നേതൃത്വം കൊടുത്ത അധ്യാപകരെയും അദ്ദേഹം ചടങ്ങിൽ അനുമോദിച്ചു.
മികച്ച കായിക സംസ്കാരമുള്ള മൂർക്കനാടിന്റെ മണ്ണിൽ സ്ഥിതിചെയ്യുന്ന എ ഇ എം എ യു പി സ്കൂളിലെ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടറഫ് ഫുട്ബോൾ ടൂർണമെന്റ് വിദ്യാർത്ഥികൾക്ക് തികച്ചും ഒരു നവ്യാനുഭവം തന്നെയാണ് സമ്മാനിച്ചത്. ഫുട്ബോൾ ടൂർണമെന്റിന് വിദ്യാലയത്തിലെ അധ്യാപകരായ വി.ശ്യാം, കെ.ടി ഹംസ, പി.ശ്രീരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here