വളാഞ്ചേരി നഗര സഭക്ക് പുതിയകെട്ടിട നിർമ്മാണത്തിന് 11 .13 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരമായി – പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി: നഗരസഭക്ക് പുതിയകെട്ടിട നിർമ്മാണത്തിന് 11.13 കോടി രൂപയുടെ പദ്ധതിക്ക് കിഫ് ബിയിൽ ഉൾപ്പെടുത്തി
അംഗീകാരമായി പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. നഗരസഭ ഓഫീസ് കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളും വിപുലമായ സൗകര്യങ്ങളോടെ ഒരുക്കുന്നതിന് നഗരസഭ ഭരണ സമിതി പത്ത് ലക്ഷം രൂപ ചെലവഴിച്ച് തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിച്ച പദ്ധതിക്കാണ് കഴിഞ്ഞ ദിവസം ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് 11.13 കോടി രൂപയുടെ അംഗീകാരം നൽകിയിട്ടുള്ളത്. നഗരസഭ ഭരണ സമിതി തയ്യാറാക്കി സമർപ്പിച്ച പദ്ധതി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കിഫ് ബിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ചത്. ചെന്നൈ ആസ്ഥാനമായിട്ടുള്ള സോണി ഇൻഫ്രാ സ്ട്രെക്ചർ കമ്പനിയാണ് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് നില കെട്ടിടം, കൗൺസിൽ ഹാൾ കോൺഫ്രൻസ് ഹാൾ, മിനി കോൺഫ്രൻസ് ഹാൾ, എല്ലാ വകുപ്പുകൾക്കും പ്രത്യേക ഓഫീസ് സൗകര്യങ്ങൾ, ഇരുനൂറ്റിയമ്പത് പേർക്കിരിക്കാവുന്ന വീഡിയോ കോൺഫ്രൻസ് സൗകര്യം, തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ നഗരസഭ സമുച്ചയത്തിലുണ്ടാവുക. എം.എൽ.എയും നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ എന്നിവർ വിവിധ വകുപ്പുകളുമായി പല തവണ ബന്ധപ്പെട്ട് നിരന്തര പരിശ്രമങ്ങൾ നടത്തിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here