ദേവികയുടെ വീട് കൊടിക്കുന്നിൽ സുരേഷ് എം.പി. സന്ദർശിച്ചു
ഇരിമ്പിളിയം: ദേവികയുടെ കുടുംബങ്ങളെ സമാശ്വസിപ്പിക്കുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എം.പി.ദേവികയുടെ വീട്ടിലെത്തി.ദേവികയുടെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ കുടുംബം എം.പി.യെ ധരിപ്പിച്ചു. അന്യേഷണത്തിന്റെ പേരിൽ നിരന്തരം പ്രയാസപ്പെടുത്തരുതെന്നും, കുടുംബം അത്തരം മാനസിക അവസ്ഥയിലല്ല ഉള്ളതെന്നും, പിതാവ് – ബാലകൃഷ്ണനും, അമ്മ ഷീബയും എം.പി.യെ ധരിപ്പിച്ചു. ദേവികയുടെ സഹോദരി -ദേവ നന്ദയുടെ വിവരങ്ങളും അദ്ദേഹം തിരക്കി. കെ.എസ്.യു.സംസ്ഥാന കമ്മറ്റി ദേവ നന്ദയുടെതടക്കമുള്ള കുട്ടികൾക്ക് പഠിക്കാൻ, വീട്ടിൽ ഓൺലൈൻ സൗകര്യമൊരുക്കിക്കൊടുത്ത കാര്യം അവർ എം.പി. യെ ധരിപ്പിച്ചു.
ദേവികയുടെ കുടുംബത്തിന് അടിയന്തിര സഹായമായി 25 ലക്ഷം രൂപ അനുവദിക്കണമെന്നും, കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും, വീടും വച്ചു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേവികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്യേഷണങ്ങൾ, ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെത്തിയാണ് തെളിവെടുപ്പു നടത്തേണ്ടതെന്നും, ദേവികയുടെ വിയോഗത്തിന്റെ ദു:ഖം സഹിച്ചു കഴിയുന്ന കുടുംബത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ബുദ്ധിമുട്ടിക്കുന്ന നടപടി ശരിയല്ലെന്നും, കുടുംബത്തെ സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു.ഈ വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും കേരള ഗവർണ്ണറെയും, കെ.പി.സി.സി.യെയും ധരിപ്പിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരെയും അറിയിച്ചു.ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സുരേന്ദ്രൻ കോഴിക്കോടും, മണ്ഡലത്തിലെ കോൺഗ്രസ്സ് നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here