എടയൂർ മുളകിന്റെ വിളവെടുപ്പ് ഉത്സവം ആരംഭിച്ചു
എടയൂർ: എടയൂർ മുളകിന്റെ വിളവെടുപ്പ് ഉത്സവം ആരംഭിച്ചു. എടയൂർ, ആതവനാട്, മാറാക്കര, വെങ്ങാട് എന്നീ പഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭ, ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ചുരുക്കം സ്ഥലങ്ങളിലുമായി എൺപത്തിയാറ് ഹെക്ടറിലാണ് മുളകുകൃഷി ചെയ്തത്. ഇതിൽ അൻപത്തിനാലര ഹെക്ടറും പൈതൃകനാടായ എടയൂർ പഞ്ചായത്തിലാണ്.
മുളകിന് അനുയോജ്യമായ ചരൽമണ്ണാണ് ഇവിടെയുള്ളത്. മേയ്‌മാസത്തിൽ വിത്തിറക്കിയ മുളക് വിളഞ്ഞ് പാകമായിക്കഴിഞ്ഞു. കിലോഗ്രാമിന് മുന്നൂറ് രൂപവരെയുണ്ട് വില. വിളവെടുക്കുന്നതിന്റെ അറുപത് ശതമാനവും കൊണ്ടാട്ടംമുളക് ഉണ്ടാക്കുന്നതിനായി പ്രാദേശികതലത്തിൽത്തന്നെ ചെലവാകും.
ബാക്കിയുള്ളത് തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിലേക്കാണ് പോകുന്നത്. ഇത്തവണ തിരുവനന്തപുരത്തുനിന്ന് ആവശ്യക്കാരുടെ വിളി വന്നതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് പറഞ്ഞു. നൂറുകണക്കിന് തൈകളാണ് ഓരോ കർഷകരും നടുന്നത്. സാക്ഷ്യപത്രം കിട്ടിയിട്ടില്ലെങ്കിലും എടയൂർ മുളക് ഇതിനകം ഭൗമസൂചികാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
എടയൂർ ചില്ലി ഗ്രോവേഴ്‌സ് അസോസിയേഷ (ഇ.സി.ജി.എ.)ൻ ഭാരവാഹികളാണ് കൃഷിവകുപ്പധികൃതരുടെ പിന്തുണയോടെ ഇതിനായി അപേക്ഷിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here