നിക്കാഹ് ചെയ്ത് അഞ്ചാം നാൾ ഫോണിലൂടെ മുത്തലാഖ് ചൊല്ലി; പ്രവാസിക്കെതിരെ കൊളത്തൂർ പൊലീസ് കേസെടുത്തു
മലപ്പുറം: വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ കേസിൽ യുവാവിനെതിരെ കൊളത്തൂർ പൊലീസ് കേസെടുത്തു. പെരിന്തൽമണ്ണ പാങ്ങ് സ്വദേശിയായ മുപ്പതുകാരിയുടെ പരാതിയിൽ ഗൾഫുകാരനും വ്യവസായിയുമായ വടക്കൻ പാലൂർ സ്വദേശിയായ യുവാവിനെതിരെയാണ് കേസ്. മുത്തലാഖ് നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തി. മുത്തലാഖ് കുറ്റകരമാക്കുന്ന നിയമം പ്രാബല്യത്തിൽ വന്ന ശേഷമുള്ള ആദ്യകേസാണിതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
ആദ്യഭാര്യയിൽ രണ്ടു കുട്ടികളുള്ള യുവാവിൻ്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഈ വിവാഹം ആദ്യഭാര്യ അറിഞ്ഞതോടെയാണ് മുത്തലാഖ് ചൊല്ലി ഇവരെ ഉപേക്ഷിച്ചത്. പരാതി ഇങ്ങനെ: യുവാവിൻ്റെ പെരിന്തൽമണ്ണയിലെ സ്ഥാപനത്തിൽ അഞ്ചുമാസം മുമ്പ് ജോലിയിൽ പ്രവേശിച്ച പരാതിക്കാരിയുമായി യുവാവ് അതിവേഗം പരിചയം സ്ഥാപിച്ചു. തനിക്ക് കുടുംബപ്രശ്നങ്ങളുണ്ടെന്ന് യുവാവ് പരാതിക്കാരിയോട് പറയാറുണ്ടായിരുന്നു. തുടർന്ന് യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുകയും ആലോചനയുമായി യുവതിയുടെ രക്ഷിതാക്കളെ സമീപിക്കുകയും ചെയ്തു.
നവംബർ 11ന് യുവതിയുടെ വീട്ടിൽ വച്ച് വിവാഹം നടന്നു. ആദ്യഭാര്യ അറിയരുതെന്ന നിബന്ധനയോടെ രഹസ്യമായായിരുന്നു ചടങ്ങുകൾ. മഹല്ലുകളുടെ അനുമതി തേടിയിരുന്നില്ല. വിവാഹധനമായി ഒരുലക്ഷം രൂപ യുവതിക്ക് നൽകി. തുടർന്ന് വിവാഹശേഷം കോട്ടയ്ക്കലിലെ ഹോട്ടലിൽ അഞ്ചുദിവസം താമസിച്ചു.പിന്നാലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതിയെ യുവാവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. വിവാഹത്തിനെടുത്ത രഹസ്യ ഫോട്ടോയും ത്വലാഖ് ചൊല്ലുന്ന ശബ്ദരേഖയുമായാണ് യുവതി പൊലീസിനെ സമീപിച്ചത്. യുവാവ് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here