തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ: മാർഗനിർദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ. സത്യപ്രതിജ്ഞക്കായി യോഗം ചേരുന്പോൾ മാസ്കും സാനിറ്റൈസറും ഉപയോഗിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണമെന്നും അദ്ദേഹം നിർദേശിച്ചു.
ഏതെങ്കിലും അംഗം കോവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്താൽ ആ വിവരം ബന്ധപ്പെട്ട വരണാധികാരിയെ മുൻകൂട്ടി അറിയിക്കണം. ഇത്തരത്തിലുള്ള അംഗങ്ങൾ പിപിഇ കിറ്റ് ധരിച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നേരിട്ട് ഹാജരായി സത്യപ്രതിജ്ഞ ചെയ്യണം. മറ്റെല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ഇവർക്ക് അവസരം. അംഗങ്ങൾക്ക് പിപിഇ കിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് സ്വീകരിക്കേണ്ടത്. ഡിസംബർ 21 നാണ് സത്യപ്രതിജ്ഞ.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബർ ആറിന് നിലവിൽ വന്ന പെരുമാറ്റച്ചട്ടം ഇന്ന് അർധരാത്രിയോടെ അവസാനിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here