മണിക്കൂറിൽ 1200 ബാഗേജുകൾ പരിശോധിക്കും; കരിപ്പൂർ വിമാനത്താവളത്തിൽ എ.ടി.ആർ.എസ് സംവിധാനം പ്രവർത്തനം തുടങ്ങി
കരിപ്പൂർ : ഹാൻഡ് ബാഗേജ് പരിശോധനയ്ക്കുള്ള ആധുനിക സംവിധാനമായ എ.ടി.ആർ.എസ് (ഓട്ടമാറ്റിക് ട്രേ റിട്ടേൺ സിസ്റ്റം) കരിപ്പൂർ വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങി. സൂക്ഷ്മതയോടെ വേഗത്തിൽ പരിശോധന നടത്താം എന്നതാണു പ്രത്യേകത. 9 കോടി രൂപ ചെലവിൽ വിദേശ കമ്പനിയുടെ 3 എ.ടി.ആർ.എസ് ആണു സ്ഥാപിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളിലേക്കു പോകുന്ന യാത്രക്കാരുടെ ഹാൻഡ് ബാഗേജ് ആണ് പരിശോധിക്കുക. നിലവിൽ ഒരു മണിക്കൂറിൽ 200 ബാഗേജ് ആണ് പരിശോധിക്കുന്നത്.
പുതിയ സംവിധാനത്തിൽ 400 ഹാൻഡ് ബാഗേജ് പരിശോധിക്കാനാകും. 3 യന്ത്രവും പ്രവർത്തിപ്പിച്ചാൽ മണിക്കൂറിൽ 1200 ബാഗേജുകൾ പരിശോധിക്കാം. സംശയം തോന്നുന്ന ബാഗേജ് തുടർ പരിശോധനയ്ക്കായി വേറെ ഭാഗത്തേക്കു പോകും. ഇതു വീണ്ടും പരിശോധിക്കും. നേരത്തേ സ്ഥാപിച്ച യന്ത്രസംവിധാനത്തിനു നടപടികൾ പൂർത്തിയാക്കി അടുത്തിടെയാണ് പ്രവർത്തന അനുമതി ലഭിച്ചത്. വിഡിയോ കോൺഫറൻസ് വഴി സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയ് ഉദ്ഘാടനം ചെയ്തു. ഇന്നലെ ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിലേക്കുള്ള യാത്രക്കാരാണ് ആദ്യമായി സംവിധാനം പ്രയോജനപ്പെടുത്തിയത്.
എയർപോർട്ട് ആക്ടിങ് ഡയറക്ടർ കെ.vമുഹമ്മദ് ഷാഹിദ്, സി.എൻ.എസ് വിഭാഗം തലവൻ മുനീർ മാടമ്പാട്ട്, ജോയിന്റ് ജനറൽ മാനേജർ എ. ഹരിദാസ്, അസിസ്റ്റന്റ് ജനറൽ മാനേജർ എൻ. നന്ദകുമാർ, ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി സുകുമാരൻ കർത്ത, സി.ഐ.എസ്.എഫ് ഡപ്യൂട്ടി കമൻഡാന്റ് കിഷോർ കുമാർ, ഇമിഗ്രേഷൻ എ.എഫ്.ആർ.ആർ.ഒ കിരൺ എന്നിവർ സംസാരിച്ചു. സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി ദേവകുമാർ, ചീഫ് സെക്യൂരിറ്റി ഓഫിസർ വിജയകുമാർ, സി.എൻ.എസ് വിഭാഗത്തിലെ മാനേജർ സ്മിത പ്രകാശ്, ജൂനിയർ എക്സിക്യൂട്ടീവ് ബിൻരാജ്, സീനിയർ അസിസ്റ്റന്റ് നിഷാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here