വായിച്ചു വളരാം വാനോളം; വളാഞ്ചേരി നഗരസഭയിൽ വായനാ വർഷം പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി വളാഞ്ചേരി നഗരസഭ സ്വരാജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായിച്ചു വളരാം വാനോളം എന്ന പേരിൽ വായനവർഷം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പുതിയ വായനക്കാരെ ലൈബ്രറിയിലേക്ക് ആകർഷിപ്പിക്കുന്നതിന് വാർഡ് കൗൺസിലർമാർ മുഖേന മെമ്പർഷിപ്പ് വിതരണം ചെയ്യും.നഗരസഭയിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായന മത്സരം, ക്വിസ്സ് മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, അനുഭവക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടക്കും. വായനക്കാരുടെ സംഗമവും മികച്ച വായനക്കാരെയും പഴയ കാല വായനക്കാരെയും ആദരിക്കും.
പുസ്തക മേളകൾ, സാഹിത്യ ക്യാമ്പുകൾ, വിദ്യാർത്ഥികൾക്കായി എല്ലാ ആഴ്ചയും മത്സരങ്ങളും സംഘടിപ്പിക്കും.നഗരസഭ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പദ്ധതി പ്രഖ്യാപനവും മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും നിർവ്വഹിച്ചു.വിദ്യാഭ്യാസ മേഖലക്കാണ് നഗരസഭ മുന്തിയ പരിഗണന നൽകുന്നതെന്നും സ്വരാജ് ലൈബ്രറി ഹൈടെക് ലൈബ്രറിയാക്കുന്നതിന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത്മണി, നഗരസഭ സെക്രട്ടറി സീന.എച്ച്, കൗൺസിലർമാരായ സദാനദ്ധൻ കോട്ടീരി, ശൈലജ.പി.പി, ഓഫീസ് സുപ്രണ്ട് സുനിൽകുമാർ.എസ്, നഗരസഭ ലൈബ്രേറിയൻ നൂറുൽ ആബിദീൻ നാലകത്ത് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here