11 ദിവസം, 2500-ലേറെ ഭക്ഷണപ്പൊതികൾ; എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ സൗജന്യ അടുക്കളയുടെ പ്രവർത്തനം അവസാനിച്ചു
വളാഞ്ചേരി : വളാഞ്ചേരിയുടെ തെരുവോരങ്ങളിൽ കഴിയുന്നവർക്കും പട്ടിണി കിടക്കുന്നവർക്കുമായി എൽ.ഡി.എഫ്. വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സൗജന്യ അടുക്കളയുടെ പ്രവർത്തനം അവസാനിച്ചു. ലോക്ഡൗൺ ഭാഗികമായി പിൻവലിച്ചതിനെത്തുടർന്ന് പതിനൊന്നുദിവസത്തെ സേവനത്തിനുശേഷമാണ് അടുക്കളയുടെ പ്രവർത്തനം നിർത്തിയത്.
2500-ലധികം പൊതിച്ചോറുകളാണ് പതിനൊന്ന് ദിവസത്തിനുള്ളിൽ വിതരണംചെയ്തത്. കിടപ്പുരോഗികൾ, അതിഥിത്തൊഴിലാളികൾ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭാ ജീവനക്കാർ, സബ്ട്രഷറി ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, ദീർഘദൂര യാത്രക്കാർ തുടങ്ങിയവർക്കും ആശ്വാസമായിരുന്നു ഈ അടുക്കള.
സാമൂഹ്യപ്രവർത്തകൻ പാറമ്മൽ മുസ്തഫ കൗൺസിലർമാരായ ബഷീറ നൗഷാദ്, ഉമ്മു ഹബീബ എന്നിവർക്ക് ഭക്ഷണം നൽകിയാണ് കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ പ്രവർത്തിച്ചിരുന്ന അടുക്കളയുടെ പ്രവർത്തനം ഞായറാഴ്ച ഉച്ചയ്ക്ക് അവസാനിപ്പിച്ചത്.
കോവിഡ് രണ്ടാംതരംഗത്തിൽ തദ്ദേശസ്ഥാപനങ്ങൾ സൗജന്യ സമൂഹ അടുക്കള തുടങ്ങണമെന്ന നിർദേശമുണ്ടായിട്ടും നിസ്സംഗ മനോഭാവം സ്വീകരിച്ച വളാഞ്ചേരി നഗരസഭയുടെ നടപടിക്കെതിരെയാണ് എൽ.ഡി.എഫ്. സൗജന്യ അടുക്കള തുടങ്ങിയതെന്നും പൊതുജനങ്ങളുടെ സഹകരണംകൊണ്ട് ഭക്ഷണവിതരണം വലിയ വിജയമാക്കാനായെന്നും സി.പി.എം. ലോക്കൽ കമ്മിറ്റി അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here