മലപ്പുറം ജില്ലാ കളക്ടറായി വി.ആർ. പ്രേംകുമാർ ചുമതലയേറ്റു
മലപ്പുറം : ജില്ലാ കളക്ടറായി വി.ആർ. പ്രേംകുമാർ ചുമതലയേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് കളക്ടറേറ്റിൽ എത്തിയ പുതിയ കളക്ടർ സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനിൽനിന്ന് ചുമതലയേറ്റെടുത്തു. കോവിഡ് പ്രതിരോധത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുമെന്ന് അദേഹം പറഞ്ഞു. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ആദ്യ കൂടിക്കാഴ്ച നടത്തി. ജില്ലാ വികസന കമ്മിഷണർ എസ്. പ്രേംകൃഷ്ണൻ, സബ് കളക്ടർമാരായ ശ്രീധന്യ സുരേഷ്, സൂരജ് ഷാജി, അസിസ്റ്റന്റ് കളക്ടർ സഫ്ന നസിറുദ്ദീൻ, എ.ഡി.എം. എൻ.എം. മെഹറലി, ഡെപ്യൂട്ടി കളക്ടർമാരായ ഡോ. എം.സി. റജിൽ, കെ. ലത, ജി.എസ്. രോധേഷ്, പി.എൻ. പുരുഷോത്തമൻ, ഡോ. ജെ.ഒ. അരുൺ, എസ്. ഹരികുമാർ തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.
2014 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് പുതുതായി ചുമതലയേറ്റ വി.ആർ. പ്രേംകുമാർ. പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായാണ് സിവിൽ സർവീസിൽ പ്രവേശിക്കുന്നത്. ദേവികുളം സബ് കളക്ടർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി സി.ഇ.ഒ., സർവേ ഡയറക്ടർ, സാമൂഹ്യ നീതിവകുപ്പ് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കളക്ടറായിരുന്ന കെ. ഗോപാലകൃഷ്ണനെ സംസ്ഥാന എംപ്ലോയ്മെന്റ് ആൻഡ് ട്രൈയിനിങ് വകുപ്പിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് സർക്കാർ മാറ്റിയതോടെയാണ് പ്രേംകുമാർ ജില്ലയെ നയിക്കാനെത്തിയത്. കോവിഡ് പ്രതിരോധം, പ്രവാസി പുനരധിവാസം തുടങ്ങിയ ഒട്ടേറെ വിഷയങ്ങൾ പുതിയ കളക്ടറുടെ മുന്നിലുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here