എടപ്പാള്‍ മേല്‍പ്പാലം നാളെ നാടിന് സമര്‍പ്പിക്കും
എടപ്പാൾ:പുതുവത്സര സമ്മാനമായി എടപ്പാള്‍ മേല്‍പ്പാലം നാളെ രാവിലെ 10 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. ഡോ കെ.ടി ജലീല്‍ എം.എല്‍ എ അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് വിശിഷ്ടാതിഥിയുമാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.
മലപ്പുറം ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിര്‍മ്മിക്കുന്ന ആദ്യ മേല്‍പ്പാലമാണിത്. കിഫ്ബി യില്‍ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിര്‍മ്മാണം. രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയില്‍ 259 മീറ്റര്‍ നീളത്തിലാണ് നിര്‍മ്മാണം. എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട്- തൃശൂര്‍ റോഡിന് മുകളിലൂടെയാണ് മേല്‍പ്പാലം ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തു കൂടി പദ്ധതി കടന്നുപോകുന്നത്.തൃശൂര്‍ -കുറ്റിപ്പുറം പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍സംഗമിക്കുന്ന ജംങ്ഷനില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് മേല്‍പ്പാല നിര്‍മ്മാണം. മേല്‍പ്പാലത്തിന് അനുബന്ധമായി പാര്‍ക്കിംഗ് സൗകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്. പി. നന്ദകുമാര്‍ എം.എല്‍ എ, പ്രൊ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കലക്ടര്‍ വി.ആര് പ്രേംകുമാര്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണന്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here