പ്രായമായ സ്ത്രീകളെ സർക്കാർ ആനുകൂല്യങ്ങൾ വാങ്ങിനൽകാമെന്ന് പറഞ്ഞ് പണവും ആഭരണങ്ങളും തട്ടിയെടുത്തയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു
വളാഞ്ചേരി : പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിലെ പ്രതി പോലീസിന്റെ പിടിയിൽ. ചാവക്കാട് നാട്ടിക സ്വദേശി പടാട്ട് യൂസഫിനെയാണ് (42) വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിലെ വയോധികയിൽനിന്ന് രണ്ടരപവൻ സ്വർണാഭരണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 13-നാണ് യൂസഫ് വളാഞ്ചേരി ബസ് സ്റ്റാൻഡിൽ പ്രായമായ സ്ത്രീയെ സമീപിച്ച് മകന്റെ സുഹൃത്താണെന്ന് പറഞ്ഞ് സഹായം വാഗ്ദാനം ചെയ്തത്. താൻ മിലിട്ടറി ഉദ്യോഗസ്ഥനാണെന്നും അർഹമായ ആനുകൂല്യങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്ത്രീയുമായി സർക്കാർ സ്ഥാപനത്തിലേക്ക് വരികയായിരുന്നു. വിശ്വാസം വന്ന സ്ത്രീ െെകയിലുള്ള സ്വർണം ഊരിനൽകി. ഇവരുടെ പരാതിയെത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരേ തിരൂർ, നല്ലളം, കൈപ്പമംഗലം, തൃശ്ശൂർ ഈസ്റ്റ്, നെടുപുഴ, കാട്ടൂർ, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിലായി 25-ഓളം കേസുകളുണ്ട്. ഇപ്പോൾ ചാവക്കാട് തങ്ങൾപടിയിലാണ് താമസിക്കുന്നത്.
കേസുകളുണ്ടാകുമ്പോൾ ഇയാൾ കുടുംബസമേതം മാറിത്താമസിക്കുകയാണ് പതിവ്. സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷ നൽകാനെത്തുന്ന പ്രായമായ സ്ത്രീകളാണ് ഇയാളുടെ ഇരകൾ. നേരത്തെ ആശുപത്രികളിൽ കൂട്ടിരിക്കുന്നവരിൽനിന്ന് സമാനരീതിയിൽ സ്വർണവും പണവും തട്ടിയെടുത്ത കേസുകളും നിലവിലുണ്ട്. വിശ്വാസം പിടിച്ചുപറ്റിയതിനുശേഷം അവരുടെ മുന്നിൽവെച്ച് മകനെ ഫോണിൽ വിളിക്കുന്നപോലെ അഭിനയിച്ച് മകൻ പറഞ്ഞ പ്രകാരം എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് ഇയാൾ പറ്റിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here