അടിപിടിക്കേസിൽപ്പട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടി; രണ്ടുപേർ വളാഞ്ചേരി പോലീസിന്റെ പിടിയിൽ
വളാഞ്ചേരി: താനൂർ സ്വദേശി ഹസ്കറും പുറമണ്ണൂർ സ്വദേശി സിയാദുമാണ് അറസ്റ്റിലായത്.
വളാഞ്ചേരി വലിയകുന്ന് സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ ഭര്‍ത്താവായ ബൈജുവും അനസെന്നയാളും തമ്മില്‍ വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വളാഞ്ചേരി പോലീസില്‍ ഈ അടിപിടിക്കേസ് നിലനില്‍ക്കെയാണ് താനൂര്‍ ചെറുപുരക്കല്‍ വീട്ടില്‍ ഹസ്‌കറും ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി ഇരുമ്പലയില്‍ സിയാദും ബൈജുവിനെ സമീപിച്ചത്. അടിപിടിക്കേസില്‍ ബൈജുവിനോടൊപ്പം ഉണ്ടായിരുന്നയാള്‍ക്കെതിരെ കേസ് ശക്തമാക്കാമെന്നും കേസിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് പറഞ്ഞുമാണ് സ്വാധീനിച്ചത്. പറഞ്ഞ് വിശ്വസിപ്പിച്ച ഇരുവരും ഇയാളില്‍നിന്നും ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരം രൂപയോളം കൈക്കലാക്കിയതായും പരാതിയുണ്ട്. കേസില്‍ യാതൊരു പുരോഗതിയും ഉണ്ടാവാത്തതില്‍ സംശയം തോന്നിയതോടെയാണ് കബളിപ്പിച്ചതാണെന്ന് മനസിലാക്കാനായത്. തുടര്‍ന്നാണ് വളാഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്.
പോലീസിൽ പിടിപാടുണ്ടെന്നും മന്ത്രി തലത്തിൽ വരെ സ്വാധീനം ചെലുത്താം എന്നും പറഞ്ഞുമാണ് പരാതിക്കാരനെ ഇരുവരും സ്വാധീനിച്ചതെന്നും പോലീസ് പറയുന്നു. ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. ഇതിലെ ഒന്നാം പ്രതിയായ ഹസ്കറിനെ താനൂർ പോലീസിന്റെ സഹാത്തോടെ താനൂരിൽ നിന്നും സിയാദിനെ പുറമണ്ണൂരിൽ നിന്നും ആണ് പിടികൂടിയത്. SHO ജിനേഷിനെ കൂടാതെ എസ്ഐ മാരായ ഷമീൽ, ഉണ്ണികൃഷ്ണൻ. എസ്. സി.പി.ഒ പത്മിനി. സി.പി.ഒ വിനീത് എന്നിവർ പോലിസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here