കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്; എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉപവാസം നടത്തി
വളാഞ്ചേരി : കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമാണം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് കോട്ടയ്ക്കൽ മണ്ഡലം എം.എൽ.എ. പ്രൊഫ. ആബിദ്ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ദേശീയപാതയോരത്ത് മൂടാലിൽ ഏകദിന ഉപവാസം നടത്തി. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു. സംസ്ഥാന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും ജനരോഷത്തിനു മുൻപിൽ സർക്കാരിന് മുട്ടുമടക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ഒമ്പതുവർഷം മുൻപ് പ്രവൃത്തി ഉദ്ഘാടനം നടന്ന ബൈപ്പാസ് റോഡിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നത് ന്യായീരിക്കാനാകാത്തതാണ്. ഇടതുസർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതു കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരസമിതി ചെയർമാൻ പാറക്കൽ ബഷീർ അധ്യക്ഷതവഹിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. ഓരോ പദ്ധതിക്കും കൃത്യമായ മാനേജ്മെന്റ് സംവിധാനമുണ്ടാക്കി പൂർത്തിയാക്കുന്നതിൽ സർക്കാർ കാട്ടുന്ന അനാസ്ഥ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമരം യു.ഡി.എഫ്. ഏറ്റെടുക്കും.
സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയല്ല, ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.ടി. മുഹമ്മദ്ബഷീർ എം.പി, എം.എൽഎ.മാരായ കെ.പി.എ. മജീദ്, അഡ്വ. എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, മുസ്‍ലിംലീഗ് ജില്ലാസെക്രട്ടറിമാരായ കെ.എം. ഗഫൂർ, സി. മുഹമ്മദലി, അഷറഫ് കോക്കൂർ, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, വിവിധ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here