കുറ്റിപ്പുറം കിൻഫ്ര പാർക്കിൽ റോഡ് നിർമാണം ഉടൻ ആരംഭിക്കും
കുറ്റിപ്പുറം : ദേശീയപാതയോരത്തെ കിൻഫ്ര പാർക്കിൽ റോഡ് നിർമാണം ഈ മാസം ആരംഭിക്കും. മൂന്നരക്കോടിയിൽപ്പരം രൂപ ചെലവഴിച്ചാണ് പാർക്കിനകത്ത് ആധുനികരീതിയിൽ ഒന്നരക്കിലോമീറ്ററോളം റോഡ് നിർമിക്കുന്നത്. ഇവിടെ ആരംഭിക്കുന്ന വ്യവസായ യൂണിറ്റുകളിലേക്കുള്ള വാഹനഗതാഗതത്തിന് സൗകര്യപ്രദമാകുന്ന രീതിയിലാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്.കഴിഞ്ഞ മേയ് മാസത്തിൽ റോഡുപണി ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ കരാറെടുത്ത കമ്പനികൾ പിന്തിരിഞ്ഞതോടെയാണ് റോഡ് നിർമാണം അനിശ്ചിതത്വത്തിലായത്.
ഇപ്പോൾ കാസർകോട് കേന്ദ്രമായുള്ള കമ്പനിയാണ് നിർമാണം കരാറെടുത്തിരിക്കുന്നത്.വർഷങ്ങൾക്കുമുൻപ് പ്രവർത്തനം നിലച്ചുപോയ കേരള സോപ്‌സ് ആൻഡ് ഡിറ്റർജന്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള 18 ഏക്കർ ഭൂമിയാണ് കിൻഫ്ര വ്യവസായ പാർക്കിനായി ഏറ്റെടുത്തത്. നാലുവർഷം മുൻപാണ് കൈമാറ്റരേഖകളെല്ലാം ശരിയായി ഭൂമി കിൻഫ്രയുടെ അധീനതയിലാകുന്നത്. കിൻഫ്രയ്ക്ക് ഭൂമി കൈമാറ്റം പൂർണമാകും മുൻപുതന്നെ 2016-ൽ സർക്കാരുമായി സഹകരിച്ചുള്ള മണൽ ശുദ്ധീകരണ ഫാക്ടറി സ്വകാര്യ കമ്പനി ഇവിടെ ആരംഭിച്ചിട്ടുണ്ട്. ടഫെൻ ഗ്ളാസ് ഫാക്ടറി, പ്ളൈവുഡ് ലാമിനേഷൻ ഫാക്ടറി, ഗ്ളൗസ് നിർമാണ യൂണിറ്റ്, ന്യൂ ജനറേഷൻ പാക്കിങ് യൂണിറ്റ്, വാട്ടർബോട്ടിൽ നിർമാണ യൂണിറ്റ്, മെഡിക്കൽ എക്യുപ്മെന്റ് ഫാക്ടറി, കോൾഡ് സ്റ്റോറേജ്, കിൻഫ്രയുടെ തന്നെ യൂണിറ്റായ ഐ.ടി. ഇലക്‌ട്രോണിക്സ് നിർമാണ യൂണിറ്റ്, ക്ളീൻ കേരളയുടെ ഇ-വേസ്റ്റ്, പ്ളാസ്റ്റിക് വേസ്റ്റ് എന്നിവ സംസ്‌കരിച്ച് പൊടിയാക്കുന്ന യൂണിറ്റ് എന്നിവയാണ് ആദ്യഘട്ടത്തിൽ ഇവിടെ ആരംഭിക്കുന്നത്. 25 സെന്റ് സ്ഥലം മുതൽ ഒന്നര ഏക്കർ ഭൂമി വരെയാണ് ഈ സംരംഭങ്ങൾക്ക് നൽകിയിരിക്കുന്നത്. റോഡ് നിർമാണം പൂർത്തിയായതിനുശേഷമേ യൂണിറ്റുകളുടെ നിർമാണപ്രവൃത്തികൾ ആരംഭിക്കൂ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here