കുറഞ്ഞ വിലയ്ക്ക് മുംബൈയില്‍ നിന്നും കാര്‍ നല്‍കാമെന്ന് പറഞ്ഞ് ഏഴരലക്ഷം തട്ടിയെടുത്തു
വേങ്ങര: കുറഞ്ഞ വിലയ്ക്ക് കാര്‍ നല്‍കാമെന്നേറ്റ് ഏഴരലക്ഷം രൂപയും ആറുലക്ഷം രൂപ വിലവരുന്ന കാറും തട്ടിയെടുത്ത കേസിലെ പ്രതികളെ പൊലീസ് പിടികൂടി. ഒതുക്കുങ്ങല്‍ സ്വദേശികളായ അബ്ദുല്‍ ബാസിദ് (34), അബ്ദുല്‍ വാഹിദ് (30) എന്നിവരെയാണ് പിടികൂടിയത്. ഇരിങ്ങല്ലൂര്‍ സ്വദേശി തൊമ്മങ്ങാടന്‍ മൊയ്തീന്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. 2015 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കുറഞ്ഞ വിലയ്ക്ക് മുംബൈയില്‍നിന്നും ഇന്നോവ കാര്‍ ലഭിക്കുമെന്നറിയിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഇതനുസരിച്ച് എം എച്ച് 04 ഡി ഇ 5904 നമ്പര്‍ രജിസ്ട്രേഷനിലുള്ള കാര്‍ കാണിക്കുകയും ഏഴരലക്ഷം രൂപ പ്രതികള്‍ വാങ്ങിക്കുകയുംചെയ്തു. പരാതിക്കാരന്റെ പേരില്‍ കാര്‍ രജിസ്റ്റര്‍ചെയ്ത് തരാമെന്നേറ്റ് കാര്‍ കൊണ്ടുപോയി. അതിനിടെ 2017 മെയ് മാസത്തില്‍ മൊയ്തീന്‍കുട്ടിയുടെ മകളുടെ ഉടമസ്ഥതയിലുള്ള ടൊയോട്ട കാര്‍ മൂന്നുദിവസത്തിന്റെ ഓട്ടത്തിനെന്നുപറഞ്ഞ് പ്രതികള്‍ തന്ത്രപൂര്‍വം കൈക്കലാക്കി. കാര്‍ തിരിച്ചുലഭിക്കാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാഹനം മറിച്ചുവിറ്റതറിഞ്ഞത്. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here