‘ലൈക്ക് ചെയ്തു ദിവസം 3,000 രൂപ വരെ സമ്പാദിക്കാം!!!’ ഈ തട്ടിപ്പിൽ വീഴല്ലേ
മലപ്പുറം: ലൈക്ക് ചെയ്തു ദിവസം 3,000 രൂപ വരെ സമ്പാദിക്കണോ?. മൊബൈലിൽ ഇങ്ങനെയൊരു മെസേജ് വന്നാൽ ഉറപ്പിച്ചോളൂ, സൈബർ തട്ടിപ്പിലേക്കുള്ള ചൂണ്ടയാണെന്ന്. ലൈക്ക് തട്ടിപ്പിലൂടെ അടുത്തിടെ മലപ്പുറം സ്വദേശിനിക്ക് നഷ്ടമായത് 50,000 രൂപയാണ്. ജില്ലയിലും ഓണലൈൻ തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്ന് സൈബർ പൊലീസ് മുന്നറിയിപ്പേകുന്നു. ഈ വർഷം മേയ് വരെ 37 കേസുകൾ റിപ്പോർട്ട് ചെയ്തു. ചെറിയ തുകകൾ നഷ്ടപ്പെടുന്നവർ ഏറെയുണ്ടെങ്കിലും ഇവർ പരാതിയുമായി മുന്നോട്ടുവരാറില്ല.
ദിവസവും 2,000 മുതൽ 3,000 രൂപ വരെ ലഭിക്കുമെന്ന് പറഞ്ഞ് മലപ്പുറം സ്വദേശിനിയുടെ ഫോണിലേക്ക് സന്ദേശം വരുന്നു. താല്പര്യമുണ്ടെന്ന് അറിയിച്ചതോടെ ഉടനെ അവരെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കി. തുടർന്ന്, ഗ്രൂപ്പിൽ വരുന്ന ഹോട്ടലുകളുടെ പേജിൽ പോയി ലൈക്ക് ചെയ്ത് സ്‌ക്രീൻഷോട്ട് ഗ്രൂപ്പിലിട്ടാൽ ഒരെണ്ണത്തിന് 100 രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് ലഭിക്കുമെന്നറിയിച്ചു. ഓരോ ദിവസവും ഇത്തരത്തിൽ നാലോ അഞ്ചോ ഹോട്ടലുകളുടെ പേജ് വരികയും 500 രൂപ വരെ ദിവസവും അക്കൗണ്ടിലെത്തുകയും ചെയ്തു. ക്രമേണ ഇവരോട് ഇൻവെസ്റ്റ് ചെയ്താൽ കൂടുതൽ തുക ലഭിക്കുന്ന പദ്ധതിയുണ്ടെന്ന് അറിയിച്ചു. 50,000 ഇൻവെസ്റ്റ് ചെയ്താൽ ഒരുലക്ഷം വരെ കിട്ടുമെന്ന് പറഞ്ഞപ്പോൾ നേരത്തെ തുക കിട്ടിയതിനാൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. എന്നാൽ, പിന്നീട് നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ല.
പണമിടപാടുകൾ ഡിജിറ്റലായതോടെ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണവും ഗണ്യമായി കൂടി. ആരോടും പങ്കുവയ്ക്കാൻ പാടില്ലാത്ത ഒ.ടി.പി, സി.വി.വി പോലുള്ള സെക്യൂരിറ്റി കോഡുകൾ കൈക്കലാക്കിയാണ് തട്ടിപ്പുകളേറെയും. 14നും 24 വയസിനും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലും സൈബർ കെണിയിലകപ്പെടുന്നത്. 2021ൽ ജില്ലയിൽ 59 സൈബർ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2022ൽ 14ഉം. രക്ഷിതാക്കളെയും കുട്ടികളെയും ഒരുമിച്ചിരുത്തി സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here