ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ വച്ച് ഏഴുവയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കൽപ്പകഞ്ചേരി സ്വദേശിയായ പ്രതിക്ക് 40 വർഷം കഠിനതടവും ഒരുലക്ഷം പിഴയും
പെരിന്തൽമണ്ണ: ഏഴുവയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൽപ്പകഞ്ചേരി തുവ്വക്കാട് ഓട്ടോഡ്രൈവറായ കന്മനം കൊടുവട്ടത്തുകുണ്ടിൽ മുഹമ്മദ് മുസ്തഫയെയാണ്(50) പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി(ഒന്ന്) ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം. പിഴ അടയ്ക്കുന്നപക്ഷം മുഴുവൻ തുകയും അതിജീവിതയ്ക്ക് നൽകണം. കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതിപ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമ വകുപ്പ് പ്രകാരവും പോക്‌സോ നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
2021 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയുടെ പാർക്കിംഗിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ വച്ച് ഗൗരവതരമായ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here