ഭരണാനുമതി ലഭിച്ച് വർഷങ്ങളായിട്ടും കുറ്റിപ്പുറം-ഷൊർണൂർ തീരദേശപാത പദ്ധതി എങ്ങുമെത്തിയില്ല
കുറ്റിപ്പുറം: ഭരണാനുമതി ലഭിച്ച് വർഷങ്ങളായിട്ടും കുറ്റിപ്പുറം-ഷൊർണൂർ തീരദേശപാത പദ്ധതി എങ്ങുമെത്തിയില്ല. തുടർച്ചയായി വന്ന രണ്ട് പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ 2020 ജൂണിൽ വീണ്ടും പഠനറിപ്പോർട്ട് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സർവേനടപടി പൂർത്തിയായാൽ മാത്രമേ ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ കണ്ടെത്താനാവുകയുള്ളൂ. 2015-ൽ ബജറ്റിലുൾപ്പെടുത്തിയ പദ്ധതിക്ക് 2016-ലാണ് ഭരണാനുമതി ലഭിച്ചത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലുള്ളവർക്ക് യാത്രാദൂരം കുറയ്ക്കുന്നതും സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതുമാണ് പദ്ധതി. പട്ടാമ്പിയിൽ പുതിയ പാലംകൂടി ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കിലും പിന്നീട് പാലം ഇതിൽനിന്ന് മാറ്റി.
കുറ്റിപ്പുറം-പട്ടാമ്പി, പട്ടാമ്പി-ഷൊർണൂർ ഭാഗങ്ങളാക്കി രണ്ട് ഘട്ടമായി നിർമാണം നടത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പട്ടാമ്പി പാലം പദ്ധതിയിൽ തീരദേശപാതയ്ക്കായി പട്ടാമ്പിയിൽ പുതിയ ജങ്ഷനുള്ള സ്ഥലംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടാമ്പി പാലം മുതൽ ചെങ്ങണാംകുന്ന് വരെയാണ് ഇപ്പോൾ റോഡുള്ളത്. ഈ റോഡിന് എട്ടുമീറ്റർ വീതിയാണുള്ളത്. ഓങ്ങല്ലൂർ ചെങ്ങണാംകുന്നിലാണ് നിലവിൽ നിർദിഷ്ട കുറ്റിപ്പുറം-ഷൊർണൂർ തീരദേശറോഡിന്റെ ഭാഗം അവസാനിക്കുന്നത്. ഇവിടെ പൊതുമരാമത്ത് റോഡിന്റെ വീതിയനുസരിച്ച് സ്ഥലമേറ്റെടുക്കൽ വേണ്ടിവരും. വീതി കൂട്ടാൻ സ്വകാര്യ ഉടമകളുടെയടക്കം സ്ഥലം ഏറ്റെടുക്കണം. ചെങ്ങണാംകുന്ന് മുതൽ ഷൊർണൂർ വരെ പലേടത്തും പുതുതായി റോഡ് നിർമിക്കണം. പുഴയിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചുവരെ റോഡ് പണിയേണ്ടിവരും. ഇതിനിടയിലുള്ള കാരമണ്ണ പാലം വീതികൂട്ടി നവീകരിച്ചത് ആശ്വാസമാണ്.
കുറ്റിപ്പുറം മുതൽ പട്ടാമ്പി വരെ കുളപ്പുള്ളിവഴി 37.6 കിലോമീറ്റർ ദൂരമുണ്ട്. തീരദേശപാത വന്നാൽ ഇത് 32 ആയി ചുരുങ്ങും. കൂടാതെ തൃത്താല, പട്ടാമ്പി മേഖലയിൽനിന്ന് തൃശ്ശൂരിലേക്കുള്ള ബൈപ്പാസായും ഇത് ഉപയോഗിക്കാം. പട്ടാമ്പി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഷൊർണൂരിന്റെ വികസനത്തിനും വഴിയൊരുങ്ങും. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കടക്കം ആംബുലൻസിനും മറ്റും എളുപ്പത്തിൽ എത്തിച്ചേരാനുമാവും. തീരദേശപാത വന്നാൽ കിഴായൂർ നമ്പ്രം മേഖലകളിലെ ഒറ്റപ്പെട്ട ഗ്രാമങ്ങൾക്കും തുണയാവും. ഒരു വശം റെയിൽവേ ലൈനും മറുവശം ഭാരതപ്പുഴയും തുരുത്താക്കി മാറ്റിയ മേഖലകൾക്ക് തീരദേശപാത വരുന്നത് ഗുണകരമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here