കുറ്റിപ്പുറം മാൽകോ ടെക്സ് സ്പിന്നിങ് മില്ലിന് നൂൽ കർണാടകയിൽ നിന്നു വരുന്നു
കുറ്റിപ്പുറം: വ്യവസായ വകുപ്പിനു കീഴിലുള്ള സഹകരണ സ്പിന്നിങ് മില്ലായ കുറ്റിപ്പുറം മലബാർ കോഓപ്പറേറ്റീവ് ടെക്സ്റ്റൈൽസ് ലിമിറ്റഡിൽ (മാൽകോ ടെക്സ്) ഉൽപ്പാദിപ്പിക്കുന്ന നൂലിനുള്ള പരുത്തി ഇനി കർണാടകയിൽനിന്ന്. കർണാടക സ്റ്റേറ്റ് കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽനിന്ന് ഗുണനിലവാരമുള്ള 30 എംഎം പരുത്തിയാണ് മാൽകോടെക്സ് വാങ്ങുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്ന വിലയെക്കാളും കുറവും തൂക്കം കൂടുതലുമുള്ള പരുത്തിയാണു വാങ്ങുന്നത്.
വ്യവസായ വകുപ്പിന്റെ പിന്തുണയോടെയാണ് പുതിയ വാങ്ങൽ സംവിധാനത്തിലേക്കു മില്ല് എത്തിയത്. സഹകരണ സ്പിന്നിങ് മില്ലുകളുടെ അപ്പെക്സ് ബോഡിയായ ടെക്സ് ഫെഡ് മാനേജിങ് ഡയറക്ടറുടെ ശുപാർശയെ തുടർന്നാണ് ഈ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണ കരാറിലെത്തിയത്.
സംസ്ഥാനത്ത് ആദ്യമായാണ് സ്പിന്നിങ് മില്ലുകളിൽ ഇത്തരം വാങ്ങൽ സംവിധാനം വരുന്നത്. ഇതോടെ സ്വകാര്യ സ്ഥാപനങ്ങളുടെ കുത്തകയിൽനിന്നും ചൂഷണത്തിൽനിന്നും കേരളത്തിലെ മില്ലുകൾക്ക് മോചനമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സംസ്ഥാനാന്തര സഹകരണ വ്യാപാര കരാർ വന്നതോടെ ഈ മേഖലയിൽ വലിയ മാറ്റം ഉണ്ടായേക്കും. കേരളത്തിൽ വ്യവസായ വകുപ്പിനു കീഴിലുള്ള മില്ലുകളിൽ നൂലിന് ഏറ്റവും ഉയർന്ന വിൽപന കിട്ടുന്ന മില്ലായി മാൽകോടെക്സ് മാറിയെന്നും ദിവസം 1,500 കിലോഗ്രാം നൂൽ ഇവിടെ ഉൽപാദിപ്പിക്കുന്നതായും അധികൃതർ അവകാശപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here